എല്‍നിനോ പ്രതിഭാസം; ഇത്തവണ രാജ്യത്താകെ മഴ കുറയും: കേരളത്തിലും കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്
എല്‍നിനോ പ്രതിഭാസം; രാജ്യത്താകെ മഴ കുറയും
തിരുവനന്തപുരം: എല്‍നിനോ പ്രതിഭാസത്തിന്റെ സ്വാധീനം മൂലം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ (എടവപ്പാതി) രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രാജ്യത്താകെ ദീര്‍ഘകാല ശരാശരിയുടെ 92 ശതമാനമേ മഴ ലഭിക്കാന്‍ സാധ്യതയുള്ളൂ. ജൂണ്‍മുതല്‍ സെപ്റ്റംബര്‍വരെയാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം. ജൂണ്‍-ജൂലായില്‍ത്തന്നെ എല്‍നിനോ പ്രതിഭാസം രൂപപ്പെടാം. ഇന്ത്യയിലെ കാലവര്‍ഷത്തെ ഒന്നാകെ ഇത് ബാധിക്കും. കാലവര്‍ഷം എന്നുമുതല്‍ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടില്ല. മേയ് ആദ്യമായിരിക്കും ഈ പ്രവചനം.
പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്നതാണ് എല്‍നിനോ പ്രതിഭാസം. കേരളത്തിലെ മഴയെയും താപനിലയെയും എല്‍നിനോ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ നീത കെ. ഗോപാല്‍ പറഞ്ഞു. എടവപ്പാതിയുടെ രണ്ടാം പകുതിയില്‍ മഴ കുറവാകാനാണ് സാധ്യത. കേരളത്തില്‍ ഇത്തവണ വേനല്‍മഴയിലും കുറവുണ്ട് -നീത പറഞ്ഞു. കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണ തോതിലായിരിക്കുമെന്നാണ് സ്‌കെമെറ്റ് എന്ന സ്വകാര്യ ഏജന്‍സി പ്രവചിച്ചത്.