അപൂര്‍വരോഗവുമായെത്തിയ ഒന്‍പതുവയസ്സുകാരിക്ക് പുതുജീവിതം; കുട്ടിയുടെ വയറ്റില്‍ അടിഞ്ഞു കൂടിയത് തലമുടിയും നൂലും ക്രയോണുമടക്കമുള്ള വസ്തുക്കള്‍

അപൂര്‍വരോഗവുമായെത്തിയ ഒന്‍പതുവയസ്സുകാരിക്ക് പുതുജീവിതം

Update: 2024-09-14 02:46 GMT

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അപൂര്‍വരോഗവുമായെത്തിയ ഒന്‍പതുവയസ്സുകാരിക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവിതം. കുട്ടിയുടെ വയറ്റില്‍ അടിഞ്ഞു കൂടി മുഴയായി രൂപപ്പെട്ട മുടിയടക്കമുള്ള വസ്തുക്കള്‍ നീക്കം ചെയ്തു. കുട്ടികളുടെ ശസ്ത്രക്രിയാവിഭാഗത്തിലാണ് അത്യപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. 127 സെന്റിമീറ്റര്‍ നീളമുള്ള ട്രൈക്കോബെസോര്‍ (രോമങ്ങള്‍ അടിഞ്ഞുകൂടി മുഴപോലെയാകുന്ന അവസ്ഥ) ആണ് നീക്കംചെയ്തത്. തലമുടി, നൂല്‍, ക്രയോണുകള്‍, പച്ചക്കറിപദാര്‍ഥങ്ങള്‍ എന്നിവയാണ് ഉണ്ടായിരുന്നത്.

റപണ്‍സെല്‍ സിന്‍ഡ്രോം എന്നു വിളിക്കുന്ന ട്രൈക്കോഫാഗിയ എന്ന അപൂര്‍വ രോഗമാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് കുട്ടികളുടെ ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ. ഷിനാസ് സാദിഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. ഉജ്ജ്വല്‍സിങ് ത്രിവേദി, ഡോ. ജൂഡ് ജോസഫ്, ഡോ. ഫാത്തിമ, ഡോ. അനന്തു, അനസ്‌ത്യേഷ്യ വിഭാഗത്തിലെ ഡോ. വീണ, ഡോ. ബിബി, ഡോ. അദ്ലീന്‍, ഡോ. ഹരികൃഷ്ണ, ഡോ. അനാമിക, ഡോ. അപര്‍ണ, ഡോ. അനുരാജ് എന്നിവരാണ് ശസ്ത്രക്രിയയില്‍ പങ്കെടുത്തത്. ഡോ. ഗോപു ആര്‍. ബാബുവിന്റെ നേതൃത്വത്തിലായിരുന്നു എന്‍ഡോസ്‌കോപ്പി.

രോഗലക്ഷണങ്ങള്‍

നിരന്തര വയറുവേദന, ഛര്‍ദ്ദി, വയറ്റില്‍ തടിപ്പ് എന്നീ ലക്ഷണങ്ങളാണ് കുട്ടിക്കുണ്ടായത്. ട്രൈക്കോഫാഗിയ ഉള്ളയാള്‍ക്ക് മുടി വിഴുങ്ങുന്ന പ്രവണതയുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Tags:    

Similar News