മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി വിവാഹം ആലോചിക്കും; വിവാഹം നടന്നു കഴിഞ്ഞാല്‍ പണവുമായി മുങ്ങും: തട്ടിപ്പ് പതിവാക്കിയ രണ്ടു പേര്‍ അറസ്റ്റില്‍

വിവാഹ തട്ടിപ്പ് പതിവാക്കിയ രണ്ടു പേര്‍ അറസ്റ്റില്‍

Update: 2026-02-12 03:48 GMT

മംഗളൂരു: മാട്രിമോണിയല്‍ സൈറ്റുകള്‍വഴി പരിചയപ്പെട്ട് യുവതികളെ വിവാഹംചെയ്ത ശേഷം പണവുമായി മുങ്ങുന്നത് പതിവാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. മുംബൈയിലെ സ്ഥിരതാമസക്കാരന്‍ സുശാന്ത് ജി. കര്‍ക്കേര (32), സുഹൃത്ത് മുള്‍ക്കി സ്വദേശി ഭാസ്‌കര്‍ (52) എന്നിവരാണ് കാവൂര്‍ പോലീസിന്റെ പിടിയിലായത്. ഇരുവരും ചേര്‍ന്ന് പല സംസ്ഥാനങ്ങളിലായാണ് തട്ടിപ്പ് നടത്തിയിരുന്നത്. മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്.

മാട്രിമോണി സൈറ്റ് വഴി മുംബൈ സ്വദേശിനിയുമായി സൗഹൃദത്തിലായ സുശാന്ത് കഴിഞ്ഞവര്‍ഷം യുവതിയെ വിവാഹംചെയ്യുകയും പല തവണകളായി ഏഴ് ലക്ഷത്തോളം രൂപ വാങ്ങി മാസങ്ങള്‍ക്കുള്ളില്‍ മുംബൈ വിടുകയുമായിരുന്നു. പ്രതികള്‍ മംഗളൂരുവിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ഇരുവരും പിടിയിലായത്.

ബെംഗളൂരു, മുംബൈ, ഉഡുപ്പി എന്നിവിടങ്ങളിലെ ഒട്ടേറെ യുവതികളെ വിവാഹംചെയ്ത് പലരില്‍നിന്നും പണം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. വിവാഹത്തിന് തയാറാകുന്ന സ്ത്രീകളുടെ കുടുംബങ്ങളുടെ വിശ്വാസം നേടാനായി ഭാസ്‌കറിനെ തന്റെ ബന്ധുവാണെന്ന് പറഞ്ഞാണ് സുശാന്ത് പരിചയപ്പെടുത്തിയത്. സുശാന്തിനെതിരേ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ വഞ്ചന, മോഷണക്കേസുകള്‍ നിലവിലുണ്ട്.

Tags:    

Similar News