ഇരട്ടച്ചിറ മാരിയമ്മൻ കോവിലിൽ മോഷണം: ഭണ്ഡാരത്തിന് സമീപം ആധാർ കാർഡും വോട്ടർ ഐഡിയും; കവർച്ച ഡിഐജി ഓഫീസിന് സമീപം; കള്ളനായി വലവിരിച്ച് പോലീസ്
തൃശൂർ: തൃശൂർ നഗരത്തിൽ ഡിഐജി ഓഫീസിന് സമീപമുള്ള ഇരട്ടച്ചിറ ശിവക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ മാരിയമ്മൻ കോവിലിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റേതെന്ന് കരുതുന്ന തിരിച്ചറിയൽ രേഖകൾ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 11.42ഓടെയാണ് മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഭണ്ഡാരത്തിന് സമീപത്തുനിന്ന് ലഭിച്ച രേഖകളിൽ വോട്ടർ ഐഡി കാർഡ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ ഉൾപ്പെടുന്നു. മനോജ് മുർമു എന്ന പേരിലുള്ള കാർഡുകളാണ് ഇവ.
ഡിഐജി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ മോഷണം നടന്നത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ലഭിച്ച തിരിച്ചറിയൽ രേഖകളും കേന്ദ്രീകരിച്ച് പോലീസ് ഊർജിതമായ അന്വേഷണം തുടരുകയാണ്.