കോടതിയുടെ ജാമ്യമില്ലാ വാറണ്ട് നടപ്പാക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്; പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ് ഡാനി അയ്യൂബ്

Update: 2025-10-24 14:24 GMT

മലപ്പുറം: പൊലീസ് സംഘത്തെ ആക്രമിച്ച് പരിക്കേൽപ്പിച്ച കുപ്രസിദ്ധ മോഷ്ടാവും നിരവധി കേസുകളിൽ പ്രതിയുമായ ഡാനി അയ്യൂബിനെ (44) പോലീസ് പിടികൂടിയത് സാഹസികമായി. കോടതിയുടെ ജാമ്യമില്ലാ വാറണ്ട് നടപ്പാക്കാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് പ്രതി അക്രമം അഴിച്ചുവിട്ടത്. വ്യാഴാഴ്ച രാവിലെ താനൂർ ചീരാൻ കടപ്പുറത്തുവെച്ചാണ് സംഭവം.

തെന്നല സ്വദേശിയെ ആക്രമിച്ച് രണ്ട് കോടിയോളം രൂപ കവർന്ന കേസിൽ നാലാം പ്രതിയാണ് ഡാനി അയ്യൂബ്. കേസിൽ കഴിഞ്ഞ മാസം അറസ്റ്റിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങി ചെന്നൈയിലേക്ക് കടന്നുകളഞ്ഞിരുന്നു. ഡാനി അയ്യൂബ് താനൂരിൽ എത്തിയെന്ന വിവരത്തെത്തുടർന്ന് പരപ്പനങ്ങാടി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യമില്ലാ വാറണ്ട് നടപ്പാക്കാനെത്തിയ താനൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് ഇയാൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്.

പോലീസ് സംഘത്തെ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ കൂടുതൽ പോലീസെത്തി ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. താനൂർ ഇൻസ്പെക്ടർ കെ.ടി. ബിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥർ താനൂർ ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സ തേടി. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനും ഡാനി അയ്യൂബിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    

Similar News