ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം; ഈ ആഴ്ച മുതല്‍ പ്രാബല്യത്തില്‍; തീരുമാനം വഴിപാടുകള്‍ക്ക് ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍ക്ക് വില കൂടിയ സാഹചര്യത്തില്‍; നിരക്ക് വര്‍ധന ഒന്‍പത് വര്‍ഷത്തിന് ശേഷം; ശബരിമലയില്‍ മാറ്റം ഉണ്ടാകില്ല
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രളില്‍ ഈ ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വഴിപാടുകള്‍ക്ക് ഉപയോഗിക്കുന്ന ദ്രവ്യങ്ങളുടെ വില കൂടിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. വഴിപാട് നിരക്കില്‍ 30 ശതമാനം വര്‍ധിപ്പിക്കാനാണ് ബോര്‍ഡ് തീരുമാനമെടുത്തത്.
എന്നാല്‍, ഇത് ശബരിമലയില്‍ ബാധകമല്ല. പുനരേകീകരണ കമ്മിറ്റി ക്രോഡീകരിച്ച നിരക്കുകള്‍ ഓംബുഡ്സ്മാന്റെ ശിപാര്‍ശയും ഹൈക്കോടതിയുടെ അംഗീകാരത്തോടെയുമാണ് നടപ്പാക്കുന്നത് എന്നും പ്രശാന്ത് പറഞ്ഞു. ശമ്പളം, പെന്‍ഷന്‍ തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ക്കായി 2016ലെ ചെലവ് 380 കോടി രൂപയായിരുന്നു. 2025ല്‍ അത് 910 കോടിയായി വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓരോ 5 വര്‍ഷം കൂടുമ്പോഴും വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നു.
എന്നാല്‍ 2016ന് ശേഷം പ്രളയവും കൊവിഡും മൂലം ഇത് നടപ്പാക്കിയില്ല. ഒന്‍പത് വര്‍ഷത്തിനു ശേഷമാണ് നിരക്ക് വര്‍ധന നടപ്പാക്കുന്നത്. കൂടാതെ ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളത്ത് ചടങ്ങുകള്‍ക്ക് മാത്രമായി ചുരുക്കാനും ബോര്‍ഡ് ആലോചന നടത്തും. തന്ത്രിമാരുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ അഭിപ്രായം തേടിയ ശേഷം തീരുമാനം എടുക്കും. ശബരിമലയിലെ തിരക്ക് കുറയ്ക്കാനും നടപടിയുണ്ടാകുമെന്നും അടുത്ത മാസം മുതല്‍ ദര്‍ശനത്തിന് പുതിയ രീതികള്‍ പരീക്ഷിക്കുകയാണെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.