'യാത്രിയോം കൃപയാ ധ്യാൻ ദിജിയെ..'; ഓണത്തിന് ബെംഗളൂരുവിൽ നിന്നെത്തുന്ന മലയാളികൾക്ക് ആശ്വാസം; കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ
ചെന്നൈ: ഓണത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് റെയിൽവേ നാല് പുതിയ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഇതുവഴി യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത്-ഉധ്‌ന ജങ്ഷൻ, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം നോർത്ത്, വില്ലുപുരം ജങ്ഷൻ-ഉധ്‌ന ജങ്ഷൻ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ഓഗസ്റ്റ് 31-ന് ചെന്നൈ സെൻട്രൽ-തിരുവനന്തപുരം നോർത്ത് (06127) സ്പെഷ്യൽ ട്രെയിൻ ഉച്ചയ്ക്ക് 12.45-ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് സെപ്റ്റംബർ ഒന്നിന് രാവിലെ 07.15-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. ആരക്കോണം, കാട്പാഡി, ജോലാർപേട്ട, സേലം, നാമക്കൽ, കരൂർ, ഡിണ്ടിഗൽ, കൊടൈക്കനാൽ റോഡ്, മധുര, വിരുദുനഗർ, ശിവകാശി, രാജപാളയം, ശങ്കരൻകോവിൽ, കടയനല്ലൂർ, തെങ്കാശി, ചെങ്കോട്ട, തെന്മല, പുനലൂർ, ആവണേശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരം നോർത്ത്-ഉധ്‌ന ജങ്ഷൻ (06137) സ്പെഷ്യൽ എക്സ്പ്രസ് രാവിലെ 09.30-ന് പുറപ്പെട്ട് സെപ്റ്റംബർ രണ്ടിന് രാത്രി 11.45-ന് ഉധ്‌ന ജങ്ഷനിൽ എത്തിച്ചേരും. കൊല്ലം, ശാസ്താംകോട്ട, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, മംഗളൂരു ജങ്ഷൻ, ഉഡുപ്പി, മൂകാംബിക റോഡ് ബൈന്ദൂർ, ഹൊന്നാവർ, കാർവാർ, മഡ്ഗാവ് ജങ്ഷൻ, തിവിം, കങ്കാവലി, രത്നഗിരി, ചിപ്ലൂൺ, റോഹ, പൻവേൽ, വാസായ് റോഡ്, വാപി, വൽസാദ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
സെപ്റ്റംബർ രണ്ടിന് രാത്രി 07.30-ന് മംഗളൂരു സെൻട്രൽ-തിരുവനന്തപുരം നോർത്ത് (06010) സ്പെഷ്യൽ എക്സ്പ്രസ് പുറപ്പെട്ട് സെപ്റ്റംബർ മൂന്നിന് രാവിലെ എട്ടുമണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. ഈ സർവ്വീസുകൾ ഓണക്കാലത്തെ യാത്രാക്ലേശങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും.