ഒരു കൊല്ലമായി ശമ്പളമില്ലാതെ തദ്ദേശ വകുപ്പിലെ നോൺ ഗസറ്റഡ് ജീവനക്കാർ; പ്രശ്നം പരിഹരിക്കാൻ ഇടപെടണം; ധനകാര്യ മന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

Update: 2025-05-15 10:22 GMT

തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ പഞ്ചായത്തിൽ നിന്നു നഗരസഭകളിലേക്കും ബ്ലോക്ക് പഞ്ചായത്തുകളിലേക്കും സ്‌ഥലം മാറ്റിയ നോൺ ഗസറ്റഡ് ഉദ്യോഗസ്‌ഥർക്കും ഒരു വർഷത്തിലേറെയായി ശമ്പളം മുടങ്ങി. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർ ഉൾപ്പെടെ 52 ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പളം ഒരു വർഷത്തിലേറെയായി മുടങ്ങിയ വിവരം അടുത്തിടെ പുറത്തു വന്നിരുന്നു.

അഞ്ചു വകുപ്പുകൾ സംയോജിപ്പിച്ച് തദ്ദേശ പൊതുവകുപ്പായപ്പോൾ, മുൻപ് പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്തിരുന്നവരെ മറ്റു വകുപ്പുകളിലേക്കു മാറ്റി നിയമിച്ചതാണ് പ്രതിസന്ധിയായത്. പെർമനൻ്റ് എംപ്ലോയീസ് നമ്പർ (പെൻ) പ്രകാരം പഞ്ചായത്തുകളുടെ തനതു ഫണ്ടിൽ നിന്നായിരുന്നു ഇവർക്കു ശമ്പളം. എന്നാൽ, ബ്ലോക്കിലേക്കും നഗരസഭയിലേക്കും മാറ്റിയതോടെ 'പെൻ' റദ്ദാക്കണമെന്നും ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കിൽ താൽക്കാലിക ഐഡി നൽകി ശമ്പളം മാറണമെന്നും ധനവകുപ്പ് നിർദേശിച്ചതാണ് വിലങ്ങുതടി. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരം വകുപ്പ് ഉദ്യോഗ ഏകീകരിച്ചതിനെത്തുടർന്നുള്ള ശമ്പളം മുടങ്ങൽ പരിഹരിക്കാൻ ഇനിയും സർക്കാരിനു കഴിഞ്ഞിട്ടില്ല.

അതേസമയം, ഉദ്യോഗസ്ഥരുടെ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സ തീശൻ മന്ത്രി കെ.എൻ.ബാലഗോപാലിനു കത്തു നൽകിയിരുന്നു. ജീവനക്കാരുടെ എല്ലാ ഔദ്യോഗിക കാര്യങ്ങളിലും പെൻനമ്പർ ആവശ്യമാണ്. ധനവകുപ്പിൽ നിന്നു അക്കൗണ്ടന്റ് ജനറലിനു കത്തു നൽകിയതിനാലാണ് ജീവനക്കാർക്കു പേസ്ലിപ് അനുവദിക്കാത്തതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

Tags:    

Similar News