വനം വകുപ്പ് വീടിന് അടുത്തെത്തിയപ്പോൾ കേട്ടത് അസാധാരണ ശബ്ദം; പരിശോധനയിൽ കൈയ്യോടെ പൊക്കി; കെണിവെച്ച് പിടിച്ച തത്തയെ പിടികൂടി; കേസെടുത്തു

Update: 2025-08-29 14:56 GMT

കോഴിക്കോട്: നരിക്കുനിയിൽ വയലിൽ കെണിവെച്ച് പിടികൂടി കൂട്ടിലിട്ട് വളർത്തിയ മോതിരത്തത്തയെ വനംവകുപ്പ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനെതിരെ വനംവകുപ്പ് കേസെടുത്തു. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വനംവകുപ്പ് സംഘം വീട്ടിലെത്തി തത്തയെ കസ്റ്റഡിയിലെടുത്തത്.

നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കിൽ എന്ന വീട്ടിൽ നിന്നാണ് തത്തയെ കൂട്ട സഹിതം പിടികൂടിയത്. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. സജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നിധിൻ കെ.എസ്., നീതു എസ്. തങ്കച്ചൻ, ഡ്രൈവർ സതീഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണാറുള്ള മോതിരത്തത്തകൾ വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഷെഡ്യൂൾ-2 പട്ടികയിൽ ഉൾപ്പെട്ടവയാണ്. ഇവയെ പിടികൂടി കൂട്ടിലിട്ട് വളർത്തുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടുന്നു. ഇത്തരം നിയമലംഘനങ്ങൾക്ക് ഏഴു വർഷം വരെ തടവും 25,000 രൂപയിൽ കുറയാത്ത പിഴയും ലഭിക്കാവുന്നതാണ്.

Tags:    

Similar News