ഒരുകുറ്റവാളികളെയും സംരക്ഷിക്കാന്‍ നിന്നിട്ടില്ലെന്നും ആരു തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങള്‍ക്കെന്നും മുഖ്യമന്ത്രി; ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് പിണറായി

Update: 2025-10-08 07:30 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ ഒരുകുറ്റവാളികളെയും സംരക്ഷിക്കാന്‍ നിന്നിട്ടില്ലെന്നും ആരു തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങള്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ ഗൗരമായ പരിശോധന നടക്കണമെന്നാണ് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡും വകുപ്പും സ്വീകരിച്ച നിലപാട്. ഹൈക്കോടതി നിയോഗിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു പിന്നിലും രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കും. കുറ്റവാളി രക്ഷപ്പെടില്ല. ഒന്നും പറയാനില്ലാത്തതിനാലാണ് സഭയില്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്. പ്രതിപക്ഷം പുറമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഇന്നും ശബരിമല വിഷയത്തില്‍ പ്രതിപക്ഷം സഭ വിട്ടു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇതിനു പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Tags:    

Similar News