ഐടി വ്യവസായം കേരളത്തിന് അനുയോജ്യം; അടിസ്ഥാന സൗകര്യത്തിലും കണക്ടിവിറ്റിയിലും കേരളം മുന്നില്‍; നിക്ഷേപകരെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
ഐടി വ്യവസായം കേരളത്തിന് അനുയോജ്യം
കൊച്ചി: കേരളത്തിലേക്ക് എത്തുന്ന നിക്ഷേപകര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഐടി മേഖലയിലെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി രാജ്യത്തെ പ്രമുഖരായ 31 നിക്ഷേപകര്‍ പങ്കെടുത്ത റൗണ്ട് ടേബിള്‍ മീറ്റില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ ഐടി മേഖലയിലുള്ള നിക്ഷേപങ്ങള്‍ക്ക് വളരെ പ്രാധാന്യമാണ് നല്‍കുന്നത്. ഭൂമിയും, പ്രകൃതി വിഭവങ്ങളും ആവശ്യമില്ലാത്ത ഐടി വ്യവസായം കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് അനുയോജ്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴില്‍ ചെയ്യുന്ന മേഖലകളില്‍ ഒന്നാണ് ഐടി. കേരളത്തിലെ മൂന്ന് ഐടി പാര്‍ക്കുകളായ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ 2000 ത്തോളം രജിസ്റ്റര്‍ ചെയ്ത കമ്പനികളിലായി ഏകദേശം രണ്ടു ലക്ഷത്തോളം ഐടി പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 30 ശതമാനത്തില്‍ അധികം സ്ത്രീ തൊഴിലാളികളാണ്. ഐടി വ്യവസായം പരോക്ഷമായി മറ്റു മേഖലയിലെ തൊഴില്‍ സാധ്യതകള്‍ക്കു കൂടിയാണ് വഴി തുറക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഐടി മേഖലയ്ക്ക് നല്‍കുന്ന പിന്തുണ സുരക്ഷ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, ഹോട്ടലുകള്‍ തുടങ്ങി അനുബന്ധമേഖലയിലുള്ള തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നത് വഴി അനവധി ആളുകള്‍ക്ക് ഉപജീവനത്തിനുള്ള പിന്തുണ കൂടിയായി മാറുകയാണ്. സാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യ മേഖലയിലും നമ്മള്‍ മുന്നിലാണ്. മൂന്നര കോടി ആളുകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കഴിഞ്ഞു. വിദ്യാഭ്യാസകാലഘട്ടം മുതല്‍ കുട്ടികളുടെ നൈപുണ്യ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നുണ്ട്. ഡിജിറ്റല്‍ സാക്ഷരത നേടിയ സമൂഹവും പ്രഗല്‍ഭരായ ഉദ്യോഗാര്‍ത്ഥികളും മേഖലയിലേക്ക് എത്തുന്ന നിക്ഷേപകര്‍ക്ക് ഗുണകരമാകും. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അടഅജ) വ്യവസായത്തിനും അക്കാദമിക മേഖലയ്ക്കും ഇടയിലുള്ള ഒരു പാലമായി പ്രവര്‍ത്തിച്ച് വരുകയാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ്, ക്ലൗഡ് ടെക്‌നോളജികള്‍, വെര്‍ച്വല്‍ റിയാലിറ്റി എന്നിവയുള്‍പ്പെടെയുള്ള ഭാവി സാങ്കേതികവിദ്യയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാകുന്നതോടെ തൊഴിലുറപ്പാക്കാന്‍ സാധിക്കുന്നുണ്ട്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞു. അക്കാദമിക-വ്യവസായ സഹകരണം ഊര്‍ജ്ജിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രകൃതി വിഭവങ്ങളാലും ആയുര്‍വേദം അടക്കമുള്ള പരമ്പരാഗത ചികിത്സാ രീതികളാലും മിതമായ കാലാവസ്ഥയാലും സമ്പന്നമാണ് കേരളം. നീതി ആയോഗ് സൂചനയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കേരളത്തിന് സാധിച്ചു. ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ ആവശ്യങ്ങളും ആശങ്കകളും നേരിട്ട് മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇന്‍വെസ്റ്റ കേരള ഗ്ലോബല്‍ സമ്മിറ്റ്. വ്യവസായികള്‍ക്ക് തങ്ങളുടെ വ്യവസായ വിപുലികരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.