എന്തുകൊണ്ട് ഇസ്രയേലിനെ പിന്തുണയ്ക്കുന്നു, നമ്മുടെ നാടിന്റെ നയമോ ഇത്? സയോണിസ്റ്റുകളുടെ കൂടെ ചേര്‍ന്ന് നില്‍ക്കാന്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും മടിയില്ല; ഇന്ത്യ പൂര്‍ണമായും അമേരിക്കയ്ക്ക് വിധേയരാകുന്നവെന്ന് മുഖ്യമന്ത്രി

എന്തുകൊണ്ട് ഇസ്രയേലിനെ പിന്തുണയ്ക്കുന്നു, നമ്മുടെ നാടിന്റെ നയമോ ഇത്?

Update: 2024-10-01 14:49 GMT

കോഴിക്കോട്: പലസ്തീന്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയോടും ഇസ്രയേലിനോടും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം രാജ്യത്തിന്റെ പൊതുനിലപാടിന് എതിരാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റി നിര്‍മിച്ച എ.കെ.ജി. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. പലസ്തീന്‍ വിഷയത്തില്‍ സി.പി.എം. നടത്തിയ പ്രചരണങ്ങളെ എതിര്‍ത്തവര്‍ക്ക് പ്രത്യേക ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ അമേരിക്കന്‍ നിലപാടുകള്‍ക്ക് പൂര്‍ണായും വഴിപ്പെടുകയാണെന്നു മുഖ്യമന്ത്രിപറഞ്ഞു.

'ഇതൊരു പ്രത്യേക വിഭാഗത്തിന്റെ മാത്രം വിഷമയമല്ല. അതുകൊണ്ടാണ് അന്താരാഷ്ട്ര കോടതി പോലും പലസ്തീന്‍ വിഷയത്തില്‍ ഇടപെടുന്നത്. എന്നാല്‍ ഇസ്രയേല്‍ അതിനൊന്നും വിലകല്‍പ്പിക്കുന്നില്ല. അമേരിക്കയുടെ പൂര്‍ണ പിന്തുണയുണ്ട്. എന്തു ചെയ്താലും അമേരിക്ക ഒപ്പമുണ്ട്. എന്തും ചെയ്യാനുള്ള ലൈസന്‍സായി നെതന്യാഹുവും കൂട്ടരും കണ്ടിരിക്കുന്നു. ഇസ്രയേലിലെ ജനങ്ങള്‍ക്ക് വിരുദ്ധ അഭിപ്രായമുണ്ട്. എന്നാല്‍ നെതന്യാഹു അതൊന്നും അംഗീകരിക്കുന്നില്ല. ഇപ്പോള്‍ ലോകം യുദ്ധത്തിലേക്ക് നീങ്ങുന്ന അവസ്ഥയിലെത്തി. രാഷ്ട്രങ്ങളുടെ പരമാധികാരം അംഗീകരിക്കണം. അധിനിവേശം ഒരു പരിഷ്‌കൃത സമൂഹത്തിന്റെ സ്വഭാവമല്ല.

യുഎന്‍ പൊതുസഭ മഹാഭൂരിപക്ഷത്തോടെ ഇസ്രയേലിനെതിരെ പ്രമേയം അവതരിപ്പിച്ചു. അമേരിക്ക അടക്കമുള്ള ഏതാനും രാഷ്ട്രങ്ങള്‍ മാത്രമാണ് അതിനെ എതിര്‍ത്തത്. എന്നാല്‍ രാജ്യം ആ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും മാറി നിന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. പരമ്പരാഗതമായ നമ്മുടെ നയം, ഇന്ത്യയുടെ നയം ഉപേക്ഷിച്ചിരിക്കുകയാണ്. ആര്‍ക്കു വേണ്ടിയാണിത്?.

ഹിസ്ബുളളയെ തകര്‍ക്കാന്‍ എന്ന പേരില്‍ ഇസ്രയേല്‍ വ്യാപക ആക്രമണം നടത്തുന്നു. പേജറുകള്‍ ഉപയോഗിച്ച്. എത്ര ആസൂത്രിതമായാണ് ആക്രമണം എന്നാലോചിക്കണം. ഉത്പാദന കേന്ദ്രത്തില്‍ വച്ച് മാരകസ്ഫോടക ശേഷിയുള്ള വസ്തുക്കള്‍ പേജറില്‍ നിറക്കുകയാണ്. അനേകമാളുകള്‍ക്ക് ജീവന്‍ നഷ്ടമായി. പിന്നെ പേജറില്‍ നിന്ന് വാക്കി ടോക്കിയിലേക്ക് മാറി. എത്രമാത്രം ഭീകരമായ ആക്രമണങ്ങളാണ് നടക്കുന്നത്. ഭയന്ന് വലിയ കെട്ടിടത്തിന് താഴെയുള്ള അറകളില്‍ താമസിക്കുന്നവരെ വരെ ആക്രമിക്കുകയാണ്.

സയോണിസ്റ്റുകളുടെ കൂടെ ചേര്‍ന്ന് നില്‍ക്കാന്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും മടിയില്ല. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പൊതുനിലപാടിന് എതിരായി നില്‍ക്കുന്നത്. എന്തിനാണ് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യ പൂര്‍ണമായും അമേരിക്കയ്ക്ക് വിധേയരാകുന്നു. അമേരിക്കയെ പ്രീണിപ്പിക്കുന്നു. അതിന്റെ ഭാഗമായി നമ്മുടെ പഴയനയം തന്നെ മാറ്റുന്നു.

ഒരു ഉദാഹരണം പറയാം. നമ്മുടെ പ്രധാനമന്ത്രി ഈയിടെ റഷ്യ സന്ദര്‍ശിച്ചപ്പോള്‍ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കുകയുണ്ടായി. ആ സമയത്ത് തന്നെ നാറ്റാ വാര്‍ഷികാഘോഷം നടക്കുകയായിരുന്നു. അത് അമേരിക്കയില്‍ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. അങ്ങേയറ്റം അസഹിഷ്ണുതയോടെ പെരുമാറി. ഇന്ത്യയുടെ അന്തസ്സിനെ ഹനിക്കും വിധത്തിലുള്ള പ്രതികരണം അമേരിക്കയുടെ അംബാസിഡറുടെ ഭാഗത്ത് നിന്ന് പോലുമുണ്ടായി. ഇതൊരിക്കലും അംഗീകരിക്കാനാകുന്ന ഒന്നല്ല'- മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News