സംസ്ഥാനം മാലിന്യമുക്തമാക്കാന്‍ ജനകീയ പങ്കാളിത്തമുള്ള ഇടപെടല്‍ അനിവാര്യം: നവകേരളം ക്യാമ്പയിന്റെ സംസ്ഥാന കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സംസ്ഥാനം മാലിന്യമുക്തമാക്കാന്‍ ജനകീയ പങ്കാളിത്തമുള്ള ഇടപെടല്‍ അനിവാര്യം

Update: 2024-10-02 14:31 GMT

കൊല്ലം; മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പതിയ ശീലങ്ങളും രീതികളും അവലംബിച്ചു കൊണ്ട് സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുന്നതിന് സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവരുടെ സഹകരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കര എല്‍ ഐ സി അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസ്ഥലങ്ങള്‍ മലിനമാക്കുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങള്‍ക്കിടയില്‍ ഇനിയും വര്‍ധിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ കൂടിവരുന്ന ജനസാന്ദ്രത മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലും വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മാലിന്യം കുമിഞ്ഞു കൂടുന്നത് അതാത് പ്രദേശത്തെ വായുവും വെള്ളവും മലിനമാകാന്‍ ഇടയാക്കും. ശുദ്ധമായ ഭക്ഷണവും വായുവും വെള്ളവും കിട്ടാത്ത അവസ്ഥ ഇതിലൂടെയുണ്ടാകും. ഈ സാഹചര്യത്തില്‍ പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം ആരോഗ്യകരമായ ജീവിതത്തിന് തന്നെ വെല്ലുവിളിയാണ്. ജലാശയങ്ങളിലെ മാലിന്യനിക്ഷേപം വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കും.

ജൈവവും അജൈവവുമായ മാലിന്യങ്ങളെ ഉറവിടത്തില്‍ തന്നെ തരം തിരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടികളുണ്ടാകണം. ഈ വസ്തുത ഉള്‍ക്കൊണ്ടു കൊണ്ട് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ വിപുലമായ ശുചീകരണ പരിപാടികള്‍ നടപ്പാക്കുകയാണ്. ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിച്ച് അടുത്ത വര്‍ഷം മാര്‍ച്ച് 30ന് അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തില്‍ അസാനിക്കുന്ന ക്യാമ്പയിനാണ് ഇപ്പോള്‍ തുടക്കമാകുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍, കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥി സംഘടനകള്‍, തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരുടെ പിന്തുണ ഇക്കാര്യത്തിലുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യം വയ്ക്കുന്ന സമഗ്രകൊട്ടാരക്കര പരിപാടിയുടെ ഉദ്ഘാടനവും പുലമണ്‍തോടിന്റെ പുനരുജ്ജീവന പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് സുരക്ഷാകിറ്റ് നല്‍കുന്നതിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു. ഹരിത ടൂറിസം കൈപ്പുസ്തക പ്രകാശനം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു.

എന്റെ മാലിന്യം എന്റെ ഉത്തരവദിത്തം പുസ്തക പ്രകാശനം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചു റാണി നിര്‍വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം പി, കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി കെ ഗോപന്‍, നവകേരളം കര്‍മ്മപദ്ധതി കോഡിനേറ്റര്‍ ഡോ.ടി എന്‍ സീമ, കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, തദ്ദേശ ഭരണസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News