പ്ലസ് വണ്‍ പ്രവേശനം; സ്‌കൂളും വിഷയവും മാറ്റാന്‍ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ട്രാന്‍സ്ഫര്‍ അലോട്മെന്റ് ഫലം വെള്ളിയാഴ്ച; തിങ്കള്‍ വരെ സ്‌കൂളില്‍ പ്രവേശനം നേടാം

Update: 2025-07-24 03:58 GMT

ഹരിപ്പാട്: പ്ലസ് വണ്‍ പ്രവേശനത്തില്‍ സ്‌കൂളും വിഷയവും മാറ്റാന്‍ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ട്രാന്‍സ്ഫര്‍ അലോട്മെന്റ് ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10 മണിമുതല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ പ്രവേശന വെബ്സൈറ്റില്‍ (www.hscap.kerala.gov.in) റിസള്‍ട്ട് ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച (29ാം തീയതി) വൈകിട്ട് 4 വരെ പ്രവേശനം നേടാം.

അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ നിലവില്‍ ചേര്‍ന്ന സ്‌കൂളിലെ പ്രിന്‍സിപ്പാലിനെ സമീപിച്ചാല്‍ മതിയാകും. സ്‌കൂളില്‍ നിന്ന് തന്നെ അലോട്ട്മെന്റ് ലെറ്റര്‍ ലഭിക്കും. അതേ സ്‌കൂളില്‍ മറ്റൊരു വിഷയത്തിലേക്ക് മാറുന്നവര്‍ക്ക് അധിക ഫീസ് അടക്കേണ്ടതേയുള്ളൂ. മറ്റൊരു സ്‌കൂളിലേക്കാണ് മാറുന്നതെങ്കില്‍, ടി.സി., സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മുന്‍പ് നല്‍കിയ രേഖകള്‍ എന്നിവ സ്‌കൂള്‍ മടക്കി നല്‍കണം. പുതിയ വിഷയത്തിലേക്ക് മാറുമ്പോള്‍ അതിനനുസരിച്ച് ഫീസ് അടയ്‌ക്കേണ്ടതുണ്ട്. ആദ്യം ചേര്‍ന്ന സ്‌കൂളില്‍ അടച്ച പി.ടി.എ ഫണ്ട്, കോഷന്‍ ഡിപ്പോസിറ്റ് തുടങ്ങിയ തുകകള്‍ സ്‌കൂള്‍ മടക്കി നല്‍കണമെന്നും, ട്രാന്‍സ്ഫര്‍ ചെയ്ത സ്‌കൂളില്‍ ഈ തുക വീണ്ടും അടക്കണമെന്നും ഹയര്‍സെക്കന്‍ഡറി വകുപ്പ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശമൊരുക്കിയിട്ടുണ്ട്.

ട്രാന്‍സ്ഫര്‍ അലോട്മെന്റിന് ശേഷം ഒഴിവാകുന്ന സീറ്റുകളില്‍ തത്സമയ പ്രവേശനം ജൂലൈ 30ന് നടത്തുന്നുണ്ട്. ഓരോ സ്‌കൂളിലേയും ലഭ്യമായ ഒഴിവ് സീറ്റുകളുടെ വിശദവിവരം ജൂലൈ 29ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമാകും തത്സമയ പ്രവേശനം.

Tags:    

Similar News