പ്ലസവണ്‍ ആദ്യ സപ്ലിമെന്റി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു; 35,947 പേര്‍ സീറ്റിന് അര്‍ഹരായി; ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ സ്‌കൂളില്‍ ചേരാം; സ്‌കൂള്‍ മാറ്റം രണ്ടാം അലോട്‌മെന്റിന് ശേഷം
ഹരിപ്പാട്: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്‌മെന്റില്‍ 35,947 വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പ്രവേശനത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ചൊവ്വാഴ്ച വൈകിട്ട് 4 വരെ സ്‌കൂളില്‍ ചേരാനാകും. 54,368 അപേക്ഷകളില്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളില്ലാത്ത 489 എണ്ണം നിരസിക്കപ്പെട്ടു. 53,879 അപേക്ഷകള്‍ പരിഗണിക്കപ്പെട്ടതാണ്. ഇപ്പോഴത്തെ അലോട്‌മെന്റിന് ശേഷം മെറിറ്റ് ലിസ്റ്റില്‍ 22,114 സീറ്റുകള്‍ ശേഷിക്കുന്നതായി ഹയര്‍സെക്കന്‍ഡറി വകുപ്പ് അറിയിച്ചു. നിലവിലെ അലോട്‌മെന്റില്‍ ഉള്‍പ്പെട്ടവര്‍ നിശ്ചിത സമയത്ത് സ്‌കൂളില്‍ ചേരാതിരുന്നാല്‍, അവിടെയും ഒഴിവുള്ള സീറ്റുകളും കൂടി ഉള്‍പ്പെടുത്തി രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്.
ജൂലൈ 10-ന് ബുധനാഴ്ചയ്ക്ക് ഓരോ സ്‌കൂളിലെയും നിലവിലുള്ള സീറ്റൊഴിവ് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇപ്പോള്‍ അലോട്‌മെന്റില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ഥികള്‍ ഈ വിവരങ്ങള്‍ പരിശോധിച്ച് അപേക്ഷ പുതുക്കേണ്ടതുണ്ട്. രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് ജൂലൈ 16-ന് പ്രസിദ്ധീകരിക്കും. ഈ ഘട്ടത്തിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം, സ്‌കൂളും വിഷയവും മാറ്റുന്നതിനുള്ള ട്രാന്‍സ്ഫര്‍ അലോട്‌മെന്റിനായി അപേക്ഷകള്‍ സ്വീകരിക്കും. ഈ ഘട്ടത്തിനു ശേഷം മിച്ചം ബാക്കിയുള്ള സീറ്റുകള്‍ തത്സമയ പ്രവേശനത്തിലൂടെ നല്കും.
പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലൈ 23നകം പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൂന്ന് സപ്ലിമെന്ററി അലോട്‌മെന്റുകള്‍ ആലോചിച്ചിരുന്നെങ്കിലും അപേക്ഷകരുടെ കുറവ് കാരണമായി രണ്ടേ രണ്ടെണ്ണമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.