പഞ്ചാരവാക്കു പറഞ്ഞ് മയക്കി വളച്ചു: വയനാട്ടിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ ബസില്‍ വച്ചു പിടിച്ചു; പതിനാറുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ യുവാവ് അറസ്റ്റില്‍

പതിനാറുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ യുവാവ് അറസ്റ്റില്‍

Update: 2025-07-01 14:23 GMT

പത്തനംതിട്ട: പതിനാറുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും, വശീകരിച്ച് തട്ടിക്കൊണ്ടുപോകുകയും ചെയ്ത യുവാവിനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വലമ്പൂര്‍ പൂപ്പാലം പെരിന്തല്‍മണ്ണ. നൂരിയ ഓര്‍ഫനേജില്‍ എ പി ഹാഷിം (22) ആണ് പിടിയിലായത്. പെണ്‍കുട്ടിയുമായി വയനാടിന് കടക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യ ബസില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത്.

ജൂണ്‍ 30 ന് രാവിലെ ഒമ്പതോടെ ഇടകടത്തി മന്ദിരം പടിയില്‍ നിന്നും പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. രാവിലെ വീട്ടില്‍ നിന്നുപോയ പെണ്‍കുട്ടി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് പിതാവ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. കുട്ടി സ്ഥിരം യാത്ര ചെയ്യുന്ന ബസില്‍ കയറാതെ പിന്നാലെ വന്ന പാമ്പാടിക്കുള്ള ബസില്‍ കയറിയതായി വിവരം കിട്ടി.

വിവരം എരുമേലി പോലീസിന് കൈമാറി. ഇവിടെ നിന്നുളള നിര്‍ദേശ പ്രകാരം നിരീക്ഷണം നടത്തിയ പാമ്പാടി പോലീസ് ബസില്‍ നിന്നും ഇരുവരെയും കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ എം ആര്‍ സുരേഷിന്റെ നിര്‍ദേശപ്രകാരം പോലീസ് സംഘം അവിടെയെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന്, യുവാവിനെ വിശദമായി ചോദ്യം ചെയ്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിയതില്‍ 4 മാസമായി ഹാഷിമുമായി സ്നാപ് ചാറ്റ് ഓണ്‍ലൈന്‍ പ്ലാറ്റഫോം വഴി പരിചയപ്പെട്ട് ചാറ്റിങ് നടത്തിവരുന്നതായി പോലീസിന് വ്യക്തമായി.

പ്രണയ ബന്ധത്തിലാക്കി വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്ത ശേഷം കുട്ടിയെ നിരന്തരം ഫോണില്‍ വിളിച്ച് ലൈംഗിക താല്‍പര്യത്തോടെ സംസാരിക്കുമായിരുന്നു. കഴിഞ്ഞ 24ന് കുട്ടിയുടെ വീടിന് സമീപം റോഡില്‍ വച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിനു വിധേയയാക്കി.

പെണ്‍കുട്ടിയുമായി വയനാടിന് പുറപ്പെടാനാണ് തീരുമാനിച്ചിരുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഒരു വര്‍ഷമായി വെച്ചൂച്ചിറ സ്റ്റേഷന്‍ പരിധിയിലെ അരയന്‍പാറയില്‍ വീട്ടില്‍ അമ്മയോടും രണ്ടാനച്ഛനോടുമൊപ്പം വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ മണിമലയിലുള്ള കോഴിക്കടയില്‍ ജോലി ചെയ്യുകയാണ്. കുട്ടിയെ വയനാടിനു കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം തടയാന്‍ വെച്ചൂച്ചിറ പോലീസിന്റെ സമയോചിതമായ ഇടപെടലും അന്വേഷണവും ഉപകരിച്ചു.

ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി. വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ എം ആര്‍ സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ് ഐ വിനോദ് പി മധു, എസ് സി പി ഓ പി കെ ലാല്‍, സിവിപി ഓമാരായ, ജോണ്‍സി, ജി സോജു,, സ്മിത എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News