പന്ത്രണ്ടുകാരിക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

പന്ത്രണ്ടുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ പ്രതിക്ക് ആറു വര്‍ഷം കഠിനതടവ്‌

Update: 2025-03-01 17:06 GMT

പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചകയറി പന്ത്രണ്ടുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ പ്രതിക്ക് ആറു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി. നെടുമ്പ്രം വാട്ടര്‍ ടാങ്കിനു സമീപം തുണ്ടിയില്‍ വീട്ടില്‍ ലാലച്ചന്‍ (49) ആണ് ശിക്ഷിക്കപ്പെട്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നിര്‍ദിഷ്ട വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ രണ്ടു മാസം കൂടി അധിക തടവ് അനുഭവിക്കണം, പിഴ തുക കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

2022 ഡിസംബര്‍ 19, 28 തിയതികളില്‍ കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ലൈംഗികമായി ഉപദ്രവിച്ചത്. അന്നത്തെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കനകരാജന്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ 29 ന് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, കേസ് പട്ടികജാതി പീഡനനിരോധനവകുപ്പുകള്‍ പ്രകാരം അന്നത്തെ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് അനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് തിരുവല്ല ഡി വൈ എസ് പി ആയിരുന്ന ടി. രാജപ്പന്‍ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എ.എസ്.ഐ ഹസീന പങ്കാളിയായി.

Tags:    

Similar News