പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ നാൽപ്പത്തിഎട്ടുകാരന് മൂന്ന് വർഷം തടവും അരലക്ഷം രൂപ പിഴയും
ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നാൽപ്പത്തിഎട്ടുകാരന് മൂന്ന് വർഷം തടവും, അരലക്ഷം രൂപ പിഴയും വിധിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്നാം വാർഡിൽ ഉളവയ്പ് ചാത്തങ്കേരി വീട്ടിൽ മധു (48) വിനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ജഡ്ജി കെ എം വാണി ശിക്ഷിച്ചത്.
വീടിനടുത്തുള്ള ക്ലബ്ബിന്റെ വാർഷികത്തോടനുബന്ധിച്ച് തിരുവാതിര കളിയിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ പ്രതി വഴിയിൽ വച്ച് അതിക്രമം കാട്ടിയെന്നാണ് കേസ്. അസ്വസ്ഥ കാട്ടിയ പെൺകുട്ടി അമ്മയോട് പറഞ്ഞതനുസരിച്ച് പൂച്ചാക്കൽ പോലീസിൽ കേസ് കൊടുക്കുകയുമായിരുന്നു.
പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന കെ ജെ ജേക്കബ്ബ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പോക്സോ നിയമപ്രകാരം മൂന്ന് വർഷം തടവും 50, 000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം മൂന്ന് മാസം തടവ് കൂടി അനുഭവിക്കണം. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 15 സാക്ഷികളെയും 10 രേഖകളും കേസിന്റെ തെളിവിനായി ഹാജരാക്കി.