പോക്സോ കേസില്‍ പ്രതിക്ക് 70 വര്‍ഷം കഠിനതടവും മൂന്നരലക്ഷം പിഴയും; ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി
പോക്സോ കേസില്‍ പ്രതിക്ക് 70 വര്‍ഷം കഠിനതടവും മൂന്നരലക്ഷം പിഴയും
പത്തനംതിട്ട: ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ പ്രതിക്ക് 70 വര്‍ഷം കഠിനതടവും ആകെ മൂന്നരലക്ഷം പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗസ്പെഷ്യല്‍ കോടതി. ശിക്ഷ ഒരുമിച്ചൊരു കാലയളവായി അനുഭവിച്ചാല്‍ മതിയാകും. അയിരൂര്‍ കോറ്റത്തൂര്‍ മതാപ്പാറ മഴവന്‍ചേരി തയ്യല്‍ വീട്ടില്‍ റെജി ജേക്കബി(49)നെയാണ് ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.
2020 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് പ്രതി തന്റെ വാഹനത്തില്‍ കുട്ടിയെ കയറ്റികൊണ്ടുപോയി പലയിടങ്ങളില്‍ വച്ച് ലൈംഗികാതിക്രമം കാട്ടിയത്. 2022 ല്‍ അന്നത്തെ കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വി സജീഷ് കുമാറാണ് കേസ് അന്വേഷിച്ചു കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമവും പോക്സോ നിയമത്തിലെ വ്യത്യസ്ത വകുപ്പുകളിലുമായി പ്രത്യേകമായാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക പ്രതി കുട്ടിക്ക് നല്‍കണം, അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷവും ആറുമാസവും അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാതിരായി. കോടതിനടപടികളില്‍ എ എസ് ഐ ഹസീനയുടെ സേവനവും ലഭ്യമായിരുന്നു.