പുതുവർഷ രാത്രിയിലെ പരിശോധന; പോലീസിനെ വട്ടം ചുറ്റിക്കാൻ ഇറങ്ങിയ അത്തരക്കാർക്ക് എട്ടിന്റെ പണി; സ്പെഷ്യൽ പട്രോളിംഗിനിടെ കുടുങ്ങിയത് 116 പേർ
കൊച്ചി: പുതുവത്സരാഘോഷത്തിനിടെ എറണാകുളം റൂറൽ പരിധിയിൽ പോലീസ് നടത്തിയ കർശന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 116 പേർ അറസ്റ്റിൽ. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 59 പേർക്കെതിരെയും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് എട്ടു കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
ഈ അറസ്റ്റുകൾ ഒഴിച്ചുനിർത്തിയാൽ റൂറൽ ജില്ലയിലെ പുതുവത്സരാഘോഷങ്ങൾ പൊതുവെ സമാധാനപരമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഏകദേശം 1200 ഓളം പോലീസുകാരെയാണ് പുതുവത്സര സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്നത്.
പോലീസ് സ്റ്റേഷൻ പരിധികളിൽ പ്രത്യേക പട്രോളിംഗ് സംഘങ്ങൾ നിരീക്ഷണം ശക്തമാക്കിയിരുന്നു. മഫ്ടി വേഷത്തിലും പോലീസുകാർ രംഗത്തുണ്ടായിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജില്ലാ അതിർത്തികളിലും പ്രത്യേക ടീമുകൾ പരിശോധനകൾ നടത്തി. ജില്ലാ പോലീസ് മേധാവി ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ 24 മണിക്കൂറും കൺട്രോൾ റൂമിൽ നിരീക്ഷിച്ചുവരികയായിരുന്നു.