റോഡിന് കുറുകെ കാട്ടുപന്നി എടുത്തുചാടി; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസുകാരന് പരിക്ക്; തോളെല്ലിന് പൊട്ടൽ; സംഭവം കോഴിക്കോട്

Update: 2025-09-16 12:14 GMT

കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പോലീസുകാരന് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ ബാലുശ്ശേരി കരുമല ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. താമരശ്ശേരി ട്രാഫിക് യൂനിറ്റിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എരമംഗലം സ്വദേശി മച്ചുള്ളതിൽ രതീഷ് (46) ആണ് അപകടത്തിൽപ്പെട്ടത്.

റോഡിന് കുറുകെ ഓടിയെത്തിയ കാട്ടുപന്നി രതീഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുവീണു. റോഡിലേക്ക് തെറിച്ചുവീണ രതീഷിന്റെ തോളെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നയുടൻ ഓടിയെത്തിയ നാട്ടുകാർ രതീഷിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തോളെല്ലിന് പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Tags:    

Similar News