മദ്യപിച്ച് രണ്ട് പേർ വാഹനത്തിൽ വരുന്നുണ്ടെന്ന് രഹസ്യവിവരം; കാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്ത പോലീസുകാർക്ക് നേരെ കയ്യേറ്റം; യുവാക്കൾ പിടിയിൽ
കൊല്ലം: കൊട്ടാരക്കരയിൽ മദ്യപിച്ച് വാഹനമോടിച്ചവരെ ചോദ്യം ചെയ്ത കൺട്രോൾ റൂം എസ്.ഐ. രാജേഷ് കുമാറിനും സി.പി.ഒ. നിക്സണും നേരെ കയ്യേറ്റം. സംഭവത്തിൽ വെങ്കിടേഷ്, മനീഷ് എന്നിവരെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസുകാരെ കൈയേറ്റം ചെയ്തതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കൊട്ടാരക്കര റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്താണ് ആക്രമണമുണ്ടായത്. മദ്യപിച്ച് രണ്ട് പേർ വാഹനത്തിൽ വരുന്നുണ്ടെന്ന കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തെത്തുടർന്ന് ഇത് അന്വേഷിക്കാൻ എത്തിയതായിരുന്നു എസ്.ഐ. രാജേഷ് കുമാറും സി.പി.ഒ. നിക്സണും. സംശയകരമായ സാഹചര്യത്തിൽ എത്തിയ വാഹനം തടഞ്ഞുനിർത്തി ചോദ്യം ചെയ്തതോടെ പ്രകോപിതരായ പ്രതികൾ പോലീസുകാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
എസ്.ഐ. രാജേഷ് കുമാറിന്റെ ഷർട്ടിലെ ബട്ടണുകൾ വലിച്ചുപൊട്ടിക്കുകയും അദ്ദേഹത്തെ മർദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ സി.പി.ഒ. നിക്സണെയും പ്രതികൾ ആക്രമിച്ചു. തുടർന്ന് കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷവും പ്രതികളിലൊരാളായ വെങ്കിടേഷ് സെല്ലിൽ കിടന്ന് പോലീസുകാരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.