വിദ്യാർത്ഥിനിയ്ക്ക് കൺസഷൻ നൽകിയില്ല; സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ചു; കേസെടുത്ത് പോലീസ്
തലശ്ശേരി: വിദ്യാർത്ഥിനിയ്ക്ക് കൺസഷൻ നൽകിയില്ലെന്ന് ആരോപിച്ച് ബസ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചതായി പരാതി. തൊട്ടിൽപ്പാലം റൂട്ടിൽ സർവ്വീസ് നടത്തുന്ന ജഗന്നാഥ് ബസ്സിലെ കണ്ടക്ടർ തൂണേരി സ്വദേശി വിഷ്ണുജിത്തി (27) നാണ് അക്രമത്തിൽ പരിക്കേറ്റത്. ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ ടൗണിൽവെച്ച് മർദ്ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ പരാതിയിൽ ചൊക്ലി പോലീസ് കേസെടുത്തു.
ഇന്നലെ രാവിലെയാണ് വിദ്യാർത്ഥിനിയുമായി തർക്കമുണ്ടായത്. തുടർന്ന് വൈകിട്ടായിരുന്നു മർദനം. മുൻകൂട്ടി ആസൂത്രണംചെയ്ത പ്രകാരം രണ്ടുപേർ ചൊക്ലി മേക്കുന്നിൽനിന്ന് ബസ്സിൽ കയറിയിരുന്നു. ബസ്സ് പെരിങ്ങത്തൂർ എത്തിയതോടെ രണ്ട് പേർ കൂടി ബസ്സിൽ കയറുകയും യാത്രാമദ്ധ്യേ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽവെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ചേർന്നാണ് കണ്ടക്ടറെ മർദിച്ചതെന്നാണ് പരാതി. അക്രമത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി- തൊട്ടിൽപാലം റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി.