ദേ..അങ്ങോട്ട് നോക്കൂ..; വീപ്പകൾക്ക് മുകളിലേക്ക് കയറാൻ ഹെലികോപ്റ്റർ തന്നെ വേണ്ടിവരും; ഇതൊക്കെ പച്ചക്കള്ളം; ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം പുനരാവിഷ്കരിച്ച് പിവി അൻവർ
നിലമ്പൂർ: കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം അതേപടി പുനരാവിഷ്കരിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. ഒരാൾ ഒറ്റക്കൈ ഉപയോഗിച്ച് കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ ചാടിക്കടക്കുക അസാധ്യമെന്നും അദ്ദേഹം പറയുന്നു . അതുപോലെ ജയിൽച്ചാട്ടത്തിന് ഗോവിന്ദച്ചാമിക്ക് ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നല്ലപോലെ സഹായം ലഭിച്ചിരിക്കാമെന്നും പി.വി. അൻവർ ആരോപണം ഉയർത്തി.
ജയിൽ അഴിക്ക് സമാനമായ കമ്പി കാണിച്ച്, അത് ആക്സോ ബ്ലെയിഡ് ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചു. എന്നാൽ ഈ കമ്പി നൂറ് ആക്സോ ബ്ലെയിഡ് ഉപയോഗിച്ചാലും മുറിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം തുടക്കത്തിൽ പറഞ്ഞുവെച്ചു. തുടർന്ന് മൂന്ന് ഡ്രമ്മുകൾ മതിലിനോട് ചേർത്ത് വെച്ചു. ഗോവിന്ദച്ചാമി ഡ്രമ്മുകളുപയോഗിച്ചാണ് മതിൽ ചാടിക്കടന്നത് എന്ന ജയിൽ ഉദ്യോഗസ്ഥരുടെ വാദത്തെ പൊളിക്കുക എന്നതായിരുന്നു അൻവറിന്റെ ശ്രമം.
അദ്ദേഹത്തിന്റെ വാക്കുകൾ...
പിവിസി പൈപ്പ് മുറിക്കാനാണ് ആക്സോ ബ്ലെയ്ഡ് ഉപയോഗിക്കുന്നത്. ഇതുകൊണ്ടാണ് ഒന്നര ഇഞ്ച് വണ്ണമുള്ള ജയിലഴി മുറിച്ചുവെന്ന് പറഞ്ഞാണ് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ പറ്റിക്കുന്നത്. ഉപ്പ് വെച്ച ശേഷം തുണി മറച്ച് കെട്ടിവെച്ചുവെന്ന് പറയുന്നു. ഇത്രയും ദിവസം തുണി കെട്ടിവെച്ചപ്പോൾ ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.
7.8 മീറ്റർ ഉയരത്തിലെ മതിൽ ചാടിക്കടക്കാൻ വെള്ളത്തിന് വെച്ച മൂന്ന് ഡ്രമ്മുകൾ ഉപയോഗിച്ചുവെന്നാണ് പറയുന്നത്. അത് ഒരിക്കലും സാധ്യമല്ല. ഹെലികോപ്റ്ററിൽ പോയി ഇറങ്ങി നിൽക്കേണ്ടി വരും. രണ്ടു കൈ ഇല്ലാത്ത ഒരാൾ ഡ്രമ്മിൽ നിന്ന് തുണിയിൽ ചാടിപ്പിടിച്ചത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. ജയിലിൽ നിന്ന് രക്ഷപ്പെട്ടു പോകാനാണ് ഒരാൾ ജയിൽ ചാടുന്നത്.
എന്നാൽ രാവിലെ വരെ ജയിൽ ചുറ്റുഭാഗത്ത് തന്നെ ഗോവിന്ദച്ചാമി നിൽക്കുകയായിരുന്നു. എന്തുകൊണ്ട് ട്രെയിനിലോ ലോറിയിലോ കയറി രക്ഷപ്പെട്ടില്ല?. ഗോവിന്ദച്ചാമി ജയിൽച്ചാടിയിട്ടില്ല എന്നും ചാടിയ ഗോവിന്ദച്ചാമിയുടെ പിന്നിൽ എന്താണെന്ന് പ്രത്യേകം അന്വേഷിക്കണമെന്നും. പോലീസ് ഇക്കാര്യം ഉടനെ തന്നെ വ്യക്തമാക്കണമെന്നും പി.വി അൻവർ ആവശ്യപ്പെടുകയും ചെയ്തു.