ഭിക്ഷ തേടിയെത്തിയ വയോധികയെ 20 രൂപ വാഗ്ദാനം നൽകി; വീട്ടിൽ വിളിച്ചു കയറ്റി പീഡന ശ്രമം; പൊലീസുകാരൻ ഉൾപ്പെടെ മദ്യലഹരിയിലായിരുന്ന 2 പേർ പിടിയിൽ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ ഭിക്ഷ തേടിയെത്തിയ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരൻ ഉൾപ്പെടെ 2 പേർ പിടിയിൽ. വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ് പിടിയിൽ ആയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ഭിക്ഷ യാചിച്ചെത്തിയ തിരുവനന്തപുരം സ്വദേശിനിയാണ് 82 കാരിയെയാണ് വീട്ടിനുളളിൽ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.
വയോധികയെ 20 രൂപ നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ വീട്ടിനുള്ളിലേക്ക് വിളിച്ചു കയറ്റിയത്. പിന്നാലെ മുറി പൂട്ടി കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വയോധിക ബഹളം വെച്ച ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളിൽ നിന്നും വയോധികയെ രക്ഷപ്പെടുത്തിയത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.
വയോധിക വീടുകൾ തോറും ഭിക്ഷ യാചിച്ചാണ് കഴിയുന്നത്. ഇവരുടെ മൊഴിയിലാണ് കേസെടുക്കുക. വൈദ്യ പരിശോധനക്ക് ശേഷം ഇവരെ പൊലീസ് വീട്ടിലാക്കി. പ്രതികളുടെ അറസ്റ്റ് നടപടികൾ നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.