ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിതയ്ക്കും കൂടെയുള്ളവര്‍ക്കും റേഷന്‍ കാര്‍ഡ്; സഭാ നേതൃത്വത്തിന്റെ നിശ്ശബ്ദത വേദനിപ്പിക്കുന്നുവെന്ന് സിസ്റ്റര്‍ റാണിറ്റ്; കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ലഭിക്കുമെന്നും പ്രതീക്ഷ

ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിതയ്ക്കും കൂടെയുള്ളവര്‍ക്കും റേഷന്‍ കാര്‍ഡ്

Update: 2026-01-14 10:51 GMT

കോട്ടയം: സഭാനേതൃത്വം കൈവിട്ടതോടെ ഭക്ഷണത്തിന് പോലും വകയില്ലാതെ ദുരിതത്തിലായ ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിതയ്ക്കും കൂടെയുള്ള കന്യാസ്ത്രീകള്‍ക്കും ഒടുവില്‍ റേഷന്‍ കാര്‍ഡ് ലഭിച്ചു. സിസ്റ്റര്‍ റാണിറ്റ് ഉള്‍പ്പെടെ കുറവിലങ്ങാട് മഠത്തിലെ മൂന്ന് അന്തേവാസികള്‍ക്കാണ് റേഷന്‍ കാര്‍ഡ് അനുവദിച്ചത്. ജില്ലാ സപ്ലൈ ഓഫീസര്‍ മഠത്തിലെത്തിയാണ് കാര്‍ഡുകള്‍ കൈമാറിയത്. ഇവരുടെ കഷ്ടപ്പാടുകള്‍ വാര്‍ത്തയായതോടെ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഇടപെടുകയും കാര്‍ഡ് ഉടന്‍ ലഭ്യമാക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

റേഷന്‍ കാര്‍ഡ് കൈപ്പറ്റിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച സിസ്റ്റര്‍ റാണിറ്റ് സഭാനേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. 'സഭാനേതൃത്വത്തിന്റെ നിശബ്ദത വേദനിപ്പിക്കുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ ഞങ്ങളെ പിന്തുണയ്ക്കുന്നു. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ, ഇല്ലെങ്കിലും നീതിക്കായി നിയമപോരാട്ടം തുടരും,' അവര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ നേരിടുന്ന അധിക്ഷേപങ്ങളെ അതിജീവിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ദുരിതങ്ങള്‍ തുറന്നുപറയാന്‍ പ്രചോദനമായത് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയാണെന്ന് സിസ്റ്റര്‍ റാണിറ്റ് നേരത്തെ പറഞ്ഞിരുന്നു. 'നടി ആക്രമിക്കപ്പെട്ട കേസിലെ വിധി എന്നെ വല്ലാതെ വേദനിപ്പിച്ചു. അവള്‍ക്ക് നീതി കിട്ടാത്തത് കണ്ടപ്പോള്‍ എന്റെ പഴയ മുറിവുകള്‍ വീണ്ടും തുറക്കപ്പെട്ടു. എന്നാല്‍ ആ വേദനകള്‍ക്കിടയിലും അവള്‍ മുഖ്യമന്ത്രിയുടെ വിരുന്നിന് എത്തിയത് എനിക്ക് വലിയ കരുത്തായി. അതാണ് പുറത്തുവന്ന് സംസാരിക്കാന്‍ എനിക്ക് ധൈര്യം നല്‍കിയത്,' റാണിറ്റ് പറഞ്ഞു.

കന്യാസ്ത്രീകള്‍ നേരിടുന്ന പട്ടിണിയെക്കുറിച്ച് വാര്‍ത്തകള്‍ വന്നതോടെയാണ് സിവില്‍ സപ്ലൈസ് വകുപ്പ് അന്വേഷണം നടത്തിയത്. മറ്റ് സ്ഥലങ്ങളിലെ റേഷന്‍ കാര്‍ഡുകളില്‍ പേരുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളുടെ പേരുകള്‍ അവിടുന്ന് മാറ്റി പുതിയ കാര്‍ഡില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്ക് ഭക്ഷണം ഉറപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ ഉടന്‍ ശരിയാക്കുമെന്നും മറ്റ് പരാതികളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി ജി.ആര്‍. അനില്‍ ഉറപ്പുനല്‍കിയിരുന്നു.

Tags:    

Similar News