അഭിമാന നേട്ടവുമായി തിരുവനന്തപുരം നഗരസഭ; സുസ്ഥിര വികസനത്തിനായുള്ള യു.എൻ ഹാബിറ്റാറ്റ്- ഷാങ്‌ഹായ് പുരസ്കാരത്തിന് അർഹമായി; ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം
തിരുവനന്തപുരം: അഭിമാന നേട്ടവുമായി തിരുവനന്തപുരം നഗരസഭാ. സുസ്ഥിര വികസനത്തിനായുള്ള യു.എൻ ഹാബിറ്റാറ്റ്- ഷാങ്‌ഹായ് പുരസ്കാരത്തിന് അർഹമായിരുക്കുകയാണ് തിരുവനന്തപുരം നഗരസഭ. നഗരങ്ങളുടെ വികസനം ലക്ഷ്യമാക്കി 2030ലെ അജണ്ടയും പുതിയ നഗര അജണ്ടയും നടപ്പിലാക്കുന്നതിൽ ലോകമെമ്പാടുമുള്ള നഗരങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും പുരോഗതിയ്ക്കും നേട്ടങ്ങൾക്കുമാണ് ഈ പുരസ്കാരം നൽകുന്നത്.
ഈജിപ്തില അലക്സാൺട്രിയയിൽ നടന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട് സിറ്റി സിഇഒ രാഹുൽ ശർമയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഇതോടെ ഇന്ത്യയിൽ തന്നെ ആദ്യമായി ഈ പുരസ്കാരം നേടുന്ന നഗരമായി തിരുവനതപുരം.
മുൻ വർഷങ്ങളിൽ ബ്രിസ്ബെയിൻ (ഓസ്ട്രേലിയ), ഫുസു (ചൈന), ജോർജ് ടൗൺ (മലേഷ്യ), കംപാല (ഉഗാണ്ട), സാൽവഡോർ (ബ്രസീൽ) എന്നീ രാജ്യങ്ങൾക്കാണ് അംഗീകാരം ലഭിച്ചിരുന്നത്. രാജ്യത്ത് ഈ അംഗീകാരം സ്വന്തമാക്കുന്ന ഏക നഗരവും തിരുവനന്തപുരമാണ്.
തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ 17,000 കിലോവാട്ട് സോളാർ പാൻ സ്ഥാപിക്കുന്നത് ഉൾപ്പെടെ നിരവധി സുസ്ഥിര സംരംഭങ്ങൾ നഗരത്തിൽ നടപ്പാക്കിയിട്ടുണ്ട്. 2,000 സോളാർ തെരുവ് വിളക്കുകൾ, എല്ലാ തെരുവ് വിളക്കുകൾക്കും എൽഇഡി ലൈറ്റിംഗ്, 115 ഇലക്ട്രിക് ബസുകൾ, 35 ഇലക്ട്രിക് ബൈക്കുകൾ, തൊഴിലില്ലാത്ത വ്യക്തികൾക്കായി 100 ഇലക്ട്രിക് ഓട്ടോകൾ എന്നിവയ്‌യും പദ്ധതിയിൽ ഉൾപ്പെടുന്നു.
2025 ഓടെ 500 ലധികം സർക്കാർ ഓഫീസുകൾ സൗരോർജത്തിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ജൂൺ 5-ന് തിരുവനന്തപുരം കാലാവസ്ഥാ ബജറ്റ് അവതരിപ്പിക്കാനും കോർപ്പറേഷൻ പദ്ധതിയിടുന്നുണ്ട്.
തിരുവനന്തപുരം നഗരത്തിന്റെ ഈ നേട്ടം കേരളത്തിനാകെ അഭിമാനമാണെന്ന് മന്ത്രി എ.ബി. രാജേഷ് പറഞ്ഞു. രാജ്യത്തെ എല്ലാ നഗരങ്ങൾക്കും മാതൃകയാക്കാനാവുന്ന നിരവധി പ്രവർത്തനങ്ങളാണ് നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. ഈ ചുവടുവെപ്പുകൾക്ക് ആഗോളാംഗീകാരം നേടാനായത് ആവേശകരമാണ്. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും തിരുവനന്തപുരം നിവാസികളെയും അഭിവാദ്യം ചെയ്യുന്നതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.