നീര് വന്ന് വീർത്ത നിലയിൽ കൈവിരൽ; സഹിക്കാൻ കഴിയാത്ത വേദന; 15-കാരന്റെ വിരലിൽ കുടുങ്ങിയ മോതിരം മുറിച്ചുമാറ്റി ഫയർ ഫോഴ്‌സ്

Update: 2025-10-14 11:57 GMT

തിരുവനന്തപുരം: ഇടത് കൈയിലെ ചൂണ്ടുവിരലിൽ സ്റ്റീൽ മോതിരം മുറുകി വേദനയനുഭവിച്ച 15-കാരനെ ഫയർഫോഴ്‌സ് സംഘം സാഹസികമായി രക്ഷിച്ചു. പാച്ചല്ലൂർ സ്വദേശി മുഹമ്മദ് റിയാസിൻ്റെ വിരലിലാണ് മോതിരം മുറുകിയത്. മോതിരം കാരണം വിരലിൽ നീര് വന്ന് വീർക്കുകയും അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് കുട്ടിയെ വിഴിഞ്ഞം ഫയർ സ്റ്റേഷൻ്റെ സഹായം തേടിയെത്തിയത്.

വിഴിഞ്ഞം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ റിയാസിനെ കാര്യങ്ങൾ പറഞ്ഞ് സമാധാനിപ്പിച്ച ശേഷം, അതീവ സൂക്ഷ്മതയോടെയാണ് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ചുമാറ്റിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സനുവിൻ്റെ നേതൃത്വത്തിൽ ഓഫീസർമാരായ വിപിൻ, സന്തോഷ് കുമാർ, ജിനേഷ് എന്നിവർ ചേർന്നാണ് മോതിരം വേർപെടുത്തുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. മോതിരം നീക്കം ചെയ്തതോടെ റിയാസിന് വേദനയിൽ നിന്നും ആശ്വാസം ലഭിച്ചു. 

Tags:    

Similar News