അമ്പായത്തോട്- തലപ്പുഴ 44-ാം മൈല്‍ ചുരമില്ലാ റോഡിന്റെ ആവശ്യം ശക്തമാകുന്നു; ഗ്രാമപ്പഞ്ചായത്തിന് നിവേദനം നൽകി റോഡ് വികസനസമിതി; സംയുക്തകർമസമിതി രൂപവത്കരിച്ച് റോഡിനായി പ്രവർത്തിക്കണമെന്ന് ആവശ്യം

Update: 2025-03-04 12:54 GMT

കോഴിക്കോട്: കൊട്ടിയൂർ-അമ്പായത്തോട്-തലപ്പുഴ 44-ാം മൈൽ ചുരമില്ലാ ബദൽപ്പാത യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഇതുമായി ബന്ധപ്പെട്ട് റോഡ് വികസനസമിതി തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയിക്ക് നിവേദനം നൽകി. തലപ്പുഴ ഗ്രാമപ്പഞ്ചായത്ത് മുൻകൈയെടുത്ത് മാനന്തവാടി ഇരിട്ടി, മട്ടന്നൂർ നഗരസഭാ അധ്യക്ഷന്മാരെയും കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, പേരാവൂർ, മാലൂർ പഞ്ചായത്ത് പ്രസിഡന്റുമാരെയും ചേർത്ത് സംയുക്തകർമസമിതി രൂപവത്കരിച്ച് റോഡിനായി പ്രവർത്തിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ചുരമില്ലാ ബദൽപ്പാതയ്ക്കായി മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, പ്രിയങ്കാഗാന്ധി എം.പി. എന്നിവർക്ക് നിവേദനം നൽകുമെന്ന് റോഡ് വികസസമിതി ഭാരവാഹികൾ പറഞ്ഞു. കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോർജ് കുട്ടി മുക്കാടൻ, മട്ടന്നൂർ-മാനന്തവാടി വിമാനത്താവള റോഡ് കർമസമിതി കൺവീനർ ബോബി സിറിയക്, സമതിയംഗങ്ങളായ പി.സി. സിറിയക്, ജോണി ജോൺ വടക്കയിൽ എന്നിവരടങ്ങുന്ന സംഘമാണ് തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെത്തിയ അധികൃതരുമായി സംസാരിച്ചത്.

കൊട്ടിയൂര്‍ അമ്പായത്തോട്- വയനാട് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് കണ്ണൂരിലേക്ക് ആവശ്യമായ പഴം, പച്ചക്കറികള്‍ എത്തുന്നത്. വയനാട്ടിലേക്കുള്ള മത്സ്യം അധികവും കൊണ്ടുപോകുന്നത് തലശ്ശേരിയില്‍ നിന്നും. ചുരംപാതയില്‍ ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ ചരക്കുനീക്കത്തെ ഇതു കാര്യമായി ബാധിക്കും. എളുപ്പത്തിലെത്താവുന്ന പാത വന്നാല്‍ ചരക്കുവാഹനങ്ങള്‍ക്ക് ഗുണകരമാകും.

നിലവിലെ അമ്പായത്തോട് -ബോയ്‌സ് ടൗണ്‍ പാതക്ക് പകരം തലപ്പുഴ 44-ാം മൈല്‍ താഴെ പാല്‍ച്ചുരം -അമ്പായത്തോട് ബദല്‍ പാത വേണമെന്ന ആവശ്യമാണ് ഉയരുന്നത്. അമ്പായത്തോട് നിന്ന് താഴേ പാല്‍ച്ചുരം വഴി വനത്തിലൂടെ തലപ്പുഴക്കടുത്ത് 44-ാം മൈലില്‍ പ്രധാന പാതയില്‍ എത്തിച്ചേരുന്നതാണ് നിര്‍ദിഷ്ട ബദല്‍ റോഡ്. ചുരമില്ല എന്നതാണ് ഈ പാത പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം. എന്നാല്‍, വനത്തിന്റെ സാന്നിദ്ധ്യമാണ് പദ്ധതിക്ക് തടസ്സം. അടുത്ത കാലത്ത് വനനിയമങ്ങളില്‍ ചില ഇളവുകള്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ ചുരം രഹിതപാത യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷ സജീവമാണ്.

Tags:    

Similar News