ശക്തമായ കാറ്റും ചൂടും ഭീഷണിയായി; ഒന്നര ഏക്കറോളം വരുന്ന റബര്‍ തോട്ടത്തിന് തീ പിടിച്ചു; വ്യാപക നാശനഷ്ടം; സംഭവം എടക്കരയില്‍
മലപ്പുറം: മലപ്പുറം എടക്കരയിലെ പെരുങ്കുളത്ത് കഴിഞ്ഞ ദിവസം ഉച്ചയോടെ റബർ തോട്ടത്തിലുണ്ടായ തീപിടിത്തത്തിൽ ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകൾ പൂർണ്ണമായി കത്തിനശിച്ചു. തോട്ടത്തിനു സമീപം വീടുവെക്കാനായി അഞ്ച് കുടുംബങ്ങൾ വാങ്ങിയ സ്ഥലത്തേക്കും തീ പടർന്നത് ആശങ്ക സൃഷ്ടിച്ചെങ്കിലും, പോലീസ്, ട്രോമാ കെയർ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് പെരുങ്കുളത്തെ റബർ തോട്ടത്തിൽ തീ പടർന്നത്. ശക്തമായ കാറ്റും കനത്ത ചൂടും തീയണയ്ക്കുന്നതിന് വെല്ലുവിളിയായി. തോട്ടത്തിലെ അടിക്കാടുകൾക്ക് തീപിടിച്ചതോടെ സമീപത്തെ അഞ്ച് കുടുംബങ്ങൾ വീടുനിർമ്മാണത്തിനായി വാങ്ങിയ ഭൂമിയിലേക്കും അഗ്നിബാധ വ്യാപിച്ചു.
വിവരമറിഞ്ഞയുടൻ നാട്ടുകാർ അധികാരികളെ അറിയിക്കുകയും തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എടക്കരയിൽ നിന്ന് ഇൻസ്പെക്ടർ വി.കെ. കമറുദ്ദീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ട്രോമാ കെയർ പ്രവർത്തകരും ഉടൻതന്നെ സംഭവസ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഇവർ തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് തടഞ്ഞു.
അഗ്നിബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നിലമ്പൂരിൽ നിന്ന് ഫയർ ഓഫീസർ കെ.പി. ബാബുരാജിൻ്റെ നേതൃത്വത്തിൽ അഗ്നിശമന സേനയും സ്ഥലത്തേക്കെത്തി. എന്നാൽ, അഗ്നിശമന സേനാംഗങ്ങൾ എത്തുമ്പോഴേക്കും എടക്കര പോലീസും ട്രോമാ കെയർ അംഗങ്ങളും ഹംസ പാലാങ്കര, ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കിയിരുന്നു.