ആറാംക്ലാസ് വിദ്യാര്‍ഥി സ്‌കൂള്‍ മുറ്റത്തെ കിണറ്റില്‍ വീണു; സാഹസികമായി രക്ഷിച്ച് സ്‌കൂള്‍ ജീവനക്കാരന്‍
ആറാംക്ലാസ് വിദ്യാര്‍ഥി സ്‌കൂള്‍ മുറ്റത്തെ കിണറ്റില്‍ വീണു; സാഹസികമായി രക്ഷിച്ച് സ്‌കൂള്‍ ജീവനക്കാരന്‍
കൊല്ലം: ആറാംക്ലാസ് വിദ്യാര്‍ഥി സ്‌കൂള്‍ മുറ്റത്തെ ആഴമേറിയ കിണറ്റില്‍ വീണു. കുന്നത്തൂര്‍ തുരുത്തിക്കര എം.ടി.യു.പി.സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെ 9.15-നാണ് സംഭവം. കുന്നത്തൂര്‍ തുരുത്തിക്കര ഫെബിന്‍ വില്ലയില്‍ ലാലച്ചന്റെ മകന്‍ ഫെബിനാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ അറുപതടിയോളം ആഴമുള്ള കിണറ്റില്‍ വീണത്. വിവരമറിഞ്ഞ് സ്‌കൂള്‍ ജീവനക്കാരന്‍ സാഹസികമായി കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി.
കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയില്‍ കുട്ടി കിണറിന്റെ പൊക്കംകുറഞ്ഞ ആള്‍മറയില്‍ ഇരിക്കുകയും വഴുതി കിണറ്റിലേക്ക് വീഴുകയുമായിരുന്നെന്നാണ് മറ്റുകുട്ടികള്‍ നല്‍കുന്ന വിവരം. സംഭവം കണ്ട് ഭയന്നു പോയ കുട്ടികള്‍ നിലവിളിച്ചു. മറ്റു ചിലര്‍ ഓഫിസില്‍ എത്തി വിവരം പറഞ്ഞു. ഓടിയെത്തിയ സ്‌കൂള്‍ ജീവനക്കാരന്‍ സിജു തോമസ് മോട്ടോറിന്റെ കുഴലില്‍ പിടിച്ച് സാഹസികമായി കിണറ്റിലിറങ്ങി. വെള്ളത്തില്‍ പൊങ്ങിക്കിടന്ന ഫെബിനെ വാരിയെടുത്ത് തോളിലിട്ട് തൊടിയില്‍ കയറിനിന്നു. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാര്‍ കയറും വടവും ഇട്ടുകൊടുത്ത് സിജുവിനെയും കുട്ടിയെയും സുരക്ഷിതമാക്കി. നാട്ടുകാരായ രണ്ടുപേരും കിണറ്റിലിറങ്ങി സഹായിച്ചു.
അപ്പോഴേക്കും ശാസ്താംകോട്ടയില്‍നിന്ന് അഗ്‌നിരക്ഷാസേനയും എത്തി. തുടര്‍ന്ന് കുട്ടിയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സനല്‍കി. കുട്ടിയുടെ തലയ്ക്കും മുതുകിനുമേറ്റ പരിക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. കിണറിന്റെ ആള്‍മറയ്ക്ക് പൊക്കമില്ലാത്തതും സുരക്ഷിതമായ മൂടിയില്ലാത്തതുമാണ് അപകടത്തിന് കാരണമായതെന്നു പറയുന്നു.
കിണറിന് ഒരു സുരക്ഷയുമില്ലാത്തതാണ് അപകടത്തിന് വഴിവെച്ചത്. ഒട്ടേറെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ പഴക്കംചെന്ന കിണറിന് കഷ്ടിച്ച് മൂന്നടി പൊക്കമുള്ള സംരക്ഷണഭിത്തിയാണുള്ളത്. ഭിത്തിയില്‍ ചാരിനില്‍ക്കുന്ന കുട്ടി പിന്നിലേക്ക് ആഞ്ഞാല്‍ കിണറ്റില്‍ അകപ്പെടുന്ന സ്ഥിതിയാണ്. കനംകുറഞ്ഞതും തുരുമ്പെടുത്ത് നശിച്ചതുമായ ഇരുമ്പ് വലയും അതിന്റെ മുകളില്‍ വേലികെട്ടുന്നതിനുപയോഗിക്കുന്ന പ്ലാസ്റ്റിക് വലയുമിട്ടാണ് കിണര്‍ മൂടിയിരുന്നത്. എങ്ങും ബന്ധിപ്പിച്ചിരുന്നില്ല. കുട്ടി വലയിലേക്ക് വീണതോടെ വലമടങ്ങി കിണറ്റില്‍ പതിക്കുകയായിരുന്നു.