സ്‌കൂട്ടറിന്റെ നിയന്ത്രണം പാടെ നഷ്ടപ്പെട്ട് റോഡിൽ തെറിച്ചുവീണു; പിന്നാലെ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം; കണ്ണീരോടെ ബന്ധുക്കൾ

Update: 2026-01-06 05:10 GMT

തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. ഇരിങ്ങാലക്കുട സ്വദേശി ആഫിദ (28) ആണ് മരിച്ചത്. ഇന്നലെ രാത്രി കൊടകര വെള്ളിക്കുളങ്ങര റോഡിലാണ് സംഭവം നടന്നത്.

ആഫിദ ഓടിച്ചിരുന്ന സ്കൂട്ടർ മറ്റൊരു ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ മറിഞ്ഞ് ആഫിദ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ സമയം അതുവഴി വന്ന ബസ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ ആഫിദയുടെ മരണം സംഭവിച്ചു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനും നിയമപരമായ മറ്റ് നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അപകടത്തെത്തുടർന്ന് കുറച്ചു സമയത്തേക്ക് സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    

Similar News