കേരള സര്‍വകലാശല വിസിക്ക് തിരിച്ചടി; രജിസ്ട്രാര്‍ക്ക് ആശ്വാസം; കുറ്റാരോപണ മെമ്മോയിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി
കേരള സര്‍വകലാശല വിസിക്ക് തിരിച്ചടി
കൊച്ചി: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി. മുന്‍ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന് വിസി നല്‍കിയ കുറ്റാരോപണ മെമ്മോ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. കെ.എസ്. അനില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത കേരള സര്‍വകലാശാലയിലെ ഒരു ചടങ്ങില്‍ ഭാരതാംബാ ചിത്രത്തിന്റെ പേരില്‍ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ വഷളാക്കിയത് രജിസ്ട്രാറാണെന്നായിരുന്നു വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്റെ പ്രധാന ആരോപണം. ഹാളിന് അനുമതി നിഷേധിച്ചത് ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് പരാതിയുണ്ടെന്നും ഗവര്‍ണര്‍ക്കുള്ള റിപ്പോര്‍ട്ടില്‍ വിസി ചൂണ്ടിക്കാട്ടിയിരുന്നു. ഭാരതാംബ ചിത്രം മതചിഹ്നമല്ലെന്നും ആശയക്കുഴപ്പമുണ്ടാക്കി ചടങ്ങ് അലങ്കോലമാക്കരുതെന്നും വിസി ആവശ്യപ്പെട്ടിട്ടും രജിസ്ട്രാര്‍ അനുസരിച്ചില്ലെന്നും, വിസിയുമായി ആലോചിക്കാതെ സംഘാടകരുടെ പേരില്‍ ഡിജിപിക്ക് പരാതി നല്‍കിയെന്നും ഉള്‍പ്പെടെയുള്ള വീഴ്ചകളും വിസി അനില്‍കുമാറിനെതിരെ ഉന്നയിച്ചിരുന്നു.
എന്നാല്‍, വിവാദചിത്രം ഒഴിവാക്കി സംഘര്‍ഷം ഒഴിവാക്കണമെന്ന് സംഘാടകരോട് അഭ്യര്‍ഥിക്കുക മാത്രമാണ് ചെയ്തതെന്നാണ് രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ വിസിക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ വേദിയില്‍ പോയതെന്നും, ഗവര്‍ണറോട് അനാദരവ് കാണിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പി.ആര്‍.ഒയും സെക്യൂരിറ്റി ഓഫീസറും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹാളിനുള്ള അനുമതി റദ്ദാക്കിയത്. മതചിഹ്നങ്ങളോ പൂജ പോലുള്ള ആരാധനകളോ പാടില്ലെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയതെന്നും അനില്‍കുമാര്‍ വാദിക്കുന്നു.