വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗിക പീഡനം; സ്ഥിരമായി മയക്കുമരുന്ന് നൽകി ലഹരിക്കടിമയാക്കി; 62 കാരന് 37 വര്‍ഷം കഠിന തടവ്

Update: 2024-10-01 13:56 GMT

കോഴിക്കോട്: കളിസ്ഥലത്തു നിന്ന് കൂട്ടിക്കൊണ്ടുപോയി വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.എസ് അമ്പിളി ശിക്ഷിച്ചത്. കൊല്ലം പരവൂര്‍ തൊടിയില്‍ അന്‍സാര്‍ (62) എന്ന നാസറിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതി പലതവണ വിദ്യാർത്ഥിയെ പീഡിപ്പിച്ചിരുന്നു. മയക്കു മരുന്നുൾപ്പെടെ നൽകി ഇയാൾ കുട്ടിയെ ലഹരിക്കടിമയാക്കി.

നാസര്‍ വിവിധ വകുപ്പുകളിലായി 37 വര്‍ഷം കഠിന തടവും 85,000 രൂപ പിഴയും ഒടുക്കണം. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിക്കണം. പിഴസംഖ്യയില്‍ 50,000 രൂപ ഇരയായ കുട്ടിയ്ക്ക് നല്‍കണമെന്നും പിഴ ഒടുക്കാത്ത പക്ഷം 11 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2022 ജനുവരി മുതൽ പല ദിവസങ്ങളില്‍ ഇയാള്‍ കുട്ടിയ്ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കള്‍ നൽകിയ പരാതിയിലായിരുന്നു പ്രതിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നത്.

ഇയാളിൽ നിന്നും സ്ഥിരമായി മയക്കു മരുന്ന് ലഭിച്ചിരുന്ന വിദ്യാർത്ഥി ലഹരിക്കടിമയായി. ഈ അവസരം പ്രതി മുതലാക്കിയിരുന്നു. മയക്കുമരുന്ന് നൽകി ഇയാൾ പല തവണ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ ലഹരി മുക്ത കേന്ദ്രത്തില്‍ ചികിത്സക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഇയാള്‍ വീണ്ടും മയക്കുമരുന്ന് നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് മാതാപിതാക്കൾ പോലീസിന് നൽകിയ വിവരം.

പ്രോസിക്യൂഷന് വേണ്ടി അഡ്വ ആര്‍എന്‍ രഞ്ജിത് ഹാജരായി. കോഴിക്കോട് കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. കുട്ടിയെ ഉപദ്രവിച്ചത് മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍ ബെന്നി ലാലു, സബ് ഇന്‍സ്‌പെക്ടര്‍ വി. മനോജ് കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Tags:    

Similar News