എല്ലാം വഴിയേ മനസ്സിലാകും; പീഡന പരാതി ഉയര്‍ന്ന ശേഷം ആദ്യമായി നാട്ടില്‍ മടങ്ങിയെത്തി ജയസൂര്യ; വൈകാതെ മാധ്യമങ്ങളെ കാണുമെന്ന് പ്രതികരണം

എല്ലാം വഴിയേ മനസ്സിലാകും: ജയസൂര്യ

Update: 2024-09-19 17:28 GMT

കൊച്ചി: വിദേശയാത്രയ്ക്ക് ശേഷം നടന്‍ ജയസൂര്യ നാട്ടില്‍ മടങ്ങിയെത്തി. കുടുംബത്തോടൊപ്പം അമേരിക്കയിലായിരുന്ന ജയസൂര്യ നെടുമ്പാശ്ശേരിയിലാണ് ഇറങ്ങിയത്. പീഡനപരാതി ഉയര്‍ന്നതിന് ശേഷം ആദ്യമായാണ് നടന്‍ കേരളത്തില്‍ എത്തുന്നത്.

മാധ്യമങ്ങളെ വൈകാതെ തന്നെ കാണുമെന്ന് അറിയിച്ച നടന്‍ എല്ലാം വഴിയെ മനസ്സിലാകുമെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാം വഴിയെ മനസിലാകുമെന്നും കേസ് കോടതിയുടെ പരിഗണനയിലുള്ളതായതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്നും താരം പറഞ്ഞു. അമേരിക്കയിലായിരുന്ന ജയസൂര്യ വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിയത്.

മുന്‍കൂര്‍ ജാമ്യം തേടി താരം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2013ല്‍ തൊടുപുഴയിലെ ഷൂട്ടിങ് സൈറ്റില്‍ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നടിയുടെ പ്രാഥമിക മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഷൂട്ടിങ് സൈറ്റില്‍ വെച്ച് തന്നെ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് നടി മൊഴി നല്‍കിയത്.

തനിക്കെതിരായ പീഡന ആരോപണം ജയസൂര്യ നേരത്തെയും നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അത് തന്റെ കുടുബത്തെ ദുഃഖത്തിലാക്കിയെന്നുമാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് എന്റെ ജന്മദിനം, ആശംസകള്‍ നേര്‍ന്ന് സ്നേഹപൂര്‍വ്വം കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി...

വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസത്തോളമായി ഞാന്‍ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി എനിക്കു നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങള്‍ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയേയും പോലെ അത് എന്നെയും തകര്‍ത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേര്‍ത്തു നിര്‍ത്തിയ ഓരോരുത്തര്‍ക്കും അത് വല്ലാത്തൊരു മുറിവായി വേദനയായി. മരവിപ്പുകള്‍ക്ക് ഒടുവില്‍ ഞാന്‍ നിയമ വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യങ്ങള്‍ അവര്‍ തീരുമാനിച്ചുകൊള്ളും.

ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും, എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്. ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ തിരിച്ചെത്തും. നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയില്‍ ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദി. ' പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ..... പാപികളുടെ നേരെ മാത്രം' ....


Tags:    

Similar News