പി പി ദിവ്യയുടെ ബെനാമി ഇടപാടും അഴിമതിയെയും കുറിച്ച് വിജിലന്‍സ് അന്വേഷണം അട്ടിമറിക്കപ്പെട്ടു; ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ്

ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ്

Update: 2025-08-17 15:09 GMT

കണ്ണൂര്‍:പി.പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതിയും ബെനാമി സ്വത്തിടപാടുകളും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി ആറുമാസമായിട്ടും പരാതിക്കാരന്റെ മൊഴി പോലും എടുക്കാതെ അന്വേഷണം ഉന്നത ഇടപെടലില്‍ അട്ടിമറിക്കപ്പെടുന്ന വിഷയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രമുഖ അഭിഭാഷകന്‍ അഡ്വ.ബൈജു നോയല്‍ മുഖേനെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഷമ്മാസ് അറിയിച്ചു പി.പി ദിവ്യ ബെനാമി കമ്പനി രൂപീകരിച്ചതും വഴിവിട്ട് കോടികളുടെ കരാര്‍ നല്‍കിയതിന്റേയും ദിവ്യയുടെ ഭര്‍ത്താവിന്റെ പേരില്‍ ഉള്‍പ്പെടെ ബെനാമി ഭൂമികള്‍ വാങ്ങിക്കൂട്ടിയതിന്റേയും രേഖകളും തെളിവുകളും സഹിതം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി ആറുമാസം പിന്നിട്ടിട്ടും പരാതിയിന്മേല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.

മാത്രവുമല്ല പരാതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുകയും ഡി.ജി.പി നിയമനത്തില്‍ നിന്ന് ഉള്‍പ്പെടെ തഴയുകയും ചെയ്തിരുന്നു.

പരാതിയില്‍ ശരിയായ അന്വേഷണം നടന്നാല്‍ പല ഉന്നത സിപിഎം നേതാക്കളും കുടുംബാംഗങ്ങളും കുടുങ്ങുമെന്ന കാരണത്താല്‍ പാര്‍ട്ടി തീരുമാനം അനുസരിച്ച് സര്‍ക്കാര്‍ തലത്തിലുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നതെന്നും ഒരു പരാതിയിന്മേല്‍ സ്വീകരിക്കേണ്ട സ്വാഭാവിക നടപടിക്രമമായ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുക എന്നത് പോലും ഈ വിഷയത്തില്‍ വിജിലന്‍സിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

വിഷയത്തിന്റെ ഗൗരവവും അഴിമതിയുടെ വ്യാപ്തിയും കണക്കിലെടുത്തുകൊണ്ടാണ് തെളിവുകള്‍ സഹിതം ഹൈക്കോടതി സമീപിക്കാന്‍ തീരുമാനിച്ചതെന്നും എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും പി.പി ദിവ്യയുടെയും ചില ഉന്നത സി.പി.എം നേതാക്കളുടെയും അഴിമതിയുടെ മുഖം തുറന്നു കാട്ടുമെന്നും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

Tags:    

Similar News