അബദ്ധത്തിൽ വൈദ്യുതപോസ്റ്റിന്റെ സ്റ്റേ വയറിൽ കയറി പിടിച്ചതും അപകടം; ഷോക്കേറ്റ് സ്ത്രീ തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്; സംഭവം ഹരിപ്പാട്
ഹരിപ്പാട്: പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിൽ ഇന്ന് രാവിലെ 11.30 ഓടെയുണ്ടായ വൈദ്യുതാഘാതത്തിൽ സ്ത്രീ തൊഴിലാളി മരിച്ചു. പള്ളിപ്പാട് സ്വദേശിനി സരള (64) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന ശ്രീലത (52) യ്ക്ക് ഗുരുതരമായി പരിക്കേറ്റു.
പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ഇരുവരും വിശ്രമിക്കാനായി കരയിലേക്ക് കയറുന്നതിനിടെ സമീപത്തുണ്ടായിരുന്ന വൈദ്യുതപോസ്റ്റിന്റെ സ്റ്റേ വയറിൽ പിടിച്ച് നിന്നു. ആദ്യം സ്റ്റേ വയറിൽ പിടിച്ച ശ്രീലത ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സരളയും ഷോക്കേറ്റ് വെള്ളത്തിലേക്ക് വീണു.
ഉടൻ തന്നെ സമീപത്തെ മോട്ടോർ തറയിലെ തൊഴിലാളി വൈദ്യുതിബന്ധം വിച്ഛേദിക്കുകയും, പ്രദേശവാസികളുടെ സഹായത്തോടെ ഇരുവരേയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സരള മരണപ്പെട്ടിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശ്രീലതയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.