നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി വൻ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; സംഭവം കൊല്ലത്ത്
By : സ്വന്തം ലേഖകൻ
Update: 2025-10-12 17:02 GMT
കൊല്ലം: മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. താന്നി സ്വദേശികളായ അലൻ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട ബൈക്ക് യാത്രാക്കാരുമായി വന്ന സ്വകാര്യ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കൊട്ടിയത്തെയും മേവറത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ യുവാക്കൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരിച്ച രണ്ടുപേരും താന്നി സ്വദേശികളാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ഈ ഭാഗത്ത് ഗതാഗത തടസ്സമുണ്ടായി. ദേശീയപാതയിൽ ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ വർധിക്കുന്നതിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നു.