കാട് വെട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; സംഭവം കൊല്ലം പുനലൂരിൽ
By : സ്വന്തം ലേഖകൻ
Update: 2025-10-14 07:59 GMT
കൊല്ലം: പുനലൂരിൽ ഫാമിനുള്ളിൽ കാട് വെട്ടുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. പിറവന്തൂർ അലിമുക്ക് സ്വദേശി അനീഷ് (42) ആണ് ദാരുണമായി മരണപ്പെട്ടത്. കുരിയോട്ടുമല ഫാമിലെ ജീവനക്കാരനായിരുന്നു അനീഷ്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഫാമിൽ കാട് വെട്ടുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ അനീഷിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനീഷിൻ്റെ മരണവിവരം ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടറിഞ്ഞത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. അപകടം നടന്ന ഫാമിൽ കാലങ്ങളായി കാട് വെട്ടുന്ന ജോലികൾ നടന്നിരുന്നു. വൈദ്യുത ലൈനുകൾക്ക് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുത്തിരുന്നോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്.