പീഡനക്കേസ്: മുകേഷ് എം എല്‍ എയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു; കൊച്ചിയില്‍ തീരദേശ പൊലീസ് ആസ്ഥാനത്ത് മുകേഷ് ഹാജരായത് അഭിഭാഷകനൊപ്പം

മുകേഷ് എം എല്‍ എയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

Update: 2024-09-24 06:14 GMT

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ എം. മുകേഷ് എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. രാവിലെ, 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുളള സംഘമാണ് ചോദ്യം ചെയ്യുന്നത്.

ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടര്‍ന്നുള്ള കേസിലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. മരടിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. കേസില്‍ എറണാകുളം സെഷന്‍സ് കോടതി മുകേഷിന് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എംഎല്‍എ ആയതിനാല്‍ ഐഡന്റിഫിക്കേഷന്റെ ആവശ്യമില്ല, 2010ല്‍ നടന്ന സംഭവമായതിനാല്‍ അടിയന്തര തെളിവു ശേഖരണത്തിന്റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. പരാതിക്കാരികളുടെ വിശദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുന്നത്. അതേസമയം, മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള ഹര്‍ജിയില്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള ഏഴ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. 2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. 13 വര്‍ഷം മുന്‍പ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ മുകേഷ് മോശമായി പെരുമാറിയെന്നാണ് ആക്ഷേപവുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. 'നാടകമേ ഉലകം' എന്ന സിനിമയുടെ ചിത്രികരണത്തിനിടയില്‍ മുകേഷ് കയറി പിടിച്ചുവെന്ന നടിയുടെ മൊഴി അന്വേഷണസംഘം വടക്കാഞ്ചേരി പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയുകയായിരുന്നു.

Tags:    

Similar News