അനക്കം കണ്ട് നോക്കുമ്പോൾ ചുരുണ്ട് കിടന്നത് കൂറ്റൻ അതിഥി; കണ്ണൂരിൽ വീട്ടിനുള്ളിൽ നിന്നും പിടികൂടിയത് കൂറ്റൻ രാജവെമ്പാലയെ
വാണിയപ്പാറ: കണ്ണൂർ വാണിയപ്പാറ തുടിമരത്ത് വീടിന്റെ അടുക്കളയിൽ കണ്ടെത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. അടുക്കളയിലെ ഒരു മൂലയിൽ ചുരുണ്ടുകൂടി കിടന്ന പാമ്പിനെ കണ്ട് ഭയന്ന വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാർക്ക് പ്രവർത്തകരെത്തിയാണ് പാമ്പിനെ പിടികൂടിയത്. അനക്കം കണ്ട് നോക്കുമ്പോഴാണ് വീട്ടുകാർ പാമ്പിനെ കണ്ടത്. വിവരമറിഞ്ഞെത്തിയ മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, അജിൽകുമാർ, സാജിദ് ആറളം എന്നിവർ ചേർന്നാണ് രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടിയത്. പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു.
ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് കണ്ണൂർ മേഖലയിൽ നിന്ന് രാജവെമ്പാലയെ പിടികൂടുന്നത്. നേരത്തെ, തുടിമരം ടൗണിന് സമീപമുള്ള ഒരു കെട്ടിടത്തിൽ നിന്നും സമാനമായ രീതിയിൽ രാജവെമ്പാലയെ പിടികൂടിയിരുന്നു. രണ്ട് ദിവസം മുൻപ് വടക്കാഞ്ചേരി പൂതനക്കയത്തും സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തോട്ടത്തിൽ നിന്ന് ഒരു രാജവെമ്പാലയെ പിടികൂടി വനംവകുപ്പിന് കൈമാറിയിരുന്നു. ജനവാസ മേഖലകളിൽ രാജവെമ്പാലയുടെ സാന്നിധ്യം വർധിക്കുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.