ഈഴവ യുവാക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തയാറാകണം: രാജ്യസ്നേഹികളില്‍ മുന്‍പന്തിയില്‍ ഈഴവരെന്നും എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയന്‍

ഈഴവ യുവാക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തയാറാകണം

Update: 2024-11-03 15:18 GMT

പത്തനംതിട്ട: ഈഴവ യുവാക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തയ്യാറാവണമെന്ന് എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി എസ് വിജയന്‍. കോഴഞ്ചേരി എസ് എന്‍ ഡി പി യൂണിയന് കീഴില്‍ ഇലന്തൂര്‍ ഈസ്റ്റില്‍ പുതിയതായി അനുവദിച്ച 6479ാം നമ്പര്‍ ശാഖായോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജനപ്പെരുപ്പം വര്‍ധിക്കുന്നതിന് നിയന്ത്രണം വേണം എന്ന് മൂന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആഹ്വാനം ചെയ്തപ്പോള്‍ രാജ്യസ്നേഹികളായ ഈഴവ യുവാക്കള്‍ ്രൈപമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് പോയി വാസക്ടമി ചെയ്ത് ബക്കറ്റുമായി തിരുച്ചുവന്നു. ഒരു വിഭാഗം ഇതൊന്നും ചെവിക്കൊള്ളാതെ നിരവധി വിവാഹങ്ങളും അതില്‍ നിരവധി കുട്ടികളുമായി ജനസംഖ്യ വര്‍ധിപ്പിക്കുമ്പോള്‍ ഈഴവര്‍ നാം രണ്ട് നമുക്ക് രണ്ട് എന്നുപറഞ് നാം രണ്ട് നമുക്ക് ഒന്ന് എന്ന അവസ്ഥയില്‍ നില്‍ക്കുന്നു.

സ്വന്തം കുടുംബത്തേക്കാളേറെ രാജ്യത്തെ സ്നേഹിക്കുന്നവരാണ് ഈഴവര്‍. ഇന്ന് രാജ്യത്തിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരിലേറെയും ഈഴവരാണ്. അങ്ങനെയുള്ള ഈഴവ സമുദായത്തിന്റെ ജനസംഖ്യ കുറഞ്ഞാല്‍ വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. അതുകൊണ്ട് മാതാപിതാക്കള്‍ യുവാക്കളോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്‍മ്മം നല്‍കാന്‍ ഉപദേശിക്കണമെന്നും പി എസ് വിജയന്‍ പറഞ്ഞു.

യൂണിയന്‍ കൗണ്‍സിലര്‍ പ്രേംകുമാര്‍ മുളമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ബാബു പുതിയ ശാഖാ യോഗത്തിന് അധികാരപത്രം കൈമാറി. എസ് എന്‍ ഡി പി യോഗം ഇന്‍സ്പക്ടിങ് ആഫീസര്‍ രവീന്ദ്രന്‍ എഴുമറ്റൂര്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. വിജയന്‍ കക്കാട്ടില്‍, എം ബി സത്യന്‍, പി.ആര്‍. രാകേഷ് എന്നിവര്‍ പ്രസംഗിച്ചു.

Tags:    

Similar News