എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5 മുതല്‍ 30 വരെ; 4.25 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും; പ്ലസ് വണ്‍ പരീക്ഷ മാര്‍ച്ച് 5 മുതലും പ്ലസ് ടു പരീക്ഷ മാര്‍ച്ച് 8 മുതലും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 5 മുതല്‍
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 5 മുതല്‍ നടക്കും. മാര്‍ച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം 4.25 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്.
പരീക്ഷകള്‍ രാവിലെ 9.30ന് ആരംഭിക്കും. ഇതിനു മുന്നോടിയായി ഐടി മോഡല്‍ പരീക്ഷകള്‍ ജനുവരി 12 മുതല്‍ 22 വരെ നടക്കും. തുടര്‍ന്ന്, എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 20 വരെ നടത്തും. പരീക്ഷാ ഫലങ്ങള്‍ മേയ് എട്ടിന് പ്രഖ്യാപിക്കും.
പ്ലസ് വണ്‍ പരീക്ഷ മാര്‍ച്ച് 5 മുതല്‍ 27 വരെയും, പ്ലസ് ടു പരീക്ഷ മാര്‍ച്ച് 8 മുതല്‍ 28 വരെയും നടക്കും. പ്ലസ് ടു പരീക്ഷയുടെ സമയം ഉച്ചയ്ക്ക് 2.30 ആയിരിക്കും, വെള്ളിയാഴ്ചകളില്‍ ഒഴികെ. മേയ് 26-ന് പ്ലസ് ടു ഫലം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, എട്ടാം ക്ലാസ്, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ സബ്ജക്ട് മിനിമം നടപ്പാക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കുട്ടികള്‍ക്ക് തൊഴില്‍-പഠന സാധ്യതകളെക്കുറിച്ച് അറിയുന്നതിനായി 'കരിയര്‍ പ്രയാണം' എന്ന പേരില്‍ പുതിയ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. പഠന ലക്ഷ്യങ്ങള്‍ നേടാതെ അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കുന്നത് കുട്ടികളുടെ അക്കാദമിക വളര്‍ച്ചയ്ക്ക് ഗുണകരമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.