സംസ്ഥാന സ്‌കൂള്‍ കലോത്സവം; അഞ്ച് രാപകലുകളിലായി അന്നം വിളമ്പിയത് രണ്ട് ലക്ഷം പേര്‍ക്ക്: ഉച്ചയൂണിന് സാമ്പാറും പുളിശേരിയും മീനില്ലാത്ത മീന്‍ കറിയും തോരനും മെഴുക്കു പുരട്ടിയും അടക്കം നിരവധി വിഭവങ്ങള്‍: അഞ്ച് ദിവസവും വിളമ്പിയത് വ്യത്യസ്ത പായസങ്ങളും

സംസ്ഥാന സ്‌കൂള്‍ കലോത്സവം; അഞ്ച് രാപകലുകളിലായി അന്നം വിളമ്പിയത് രണ്ട് ലക്ഷം പേര്‍ക്ക്

Update: 2025-01-09 01:39 GMT

തിരുവനന്തപുരം: അഞ്ചു ദിവസം നീണ്ട സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു തിരശീല വീണപ്പോള്‍ അഞ്ച് രാപകലുകളിലായി കലോത്സലവ കലവറയില്‍ നിന്നും അന്നമുണ്ടത്. രണ്ട് ലക്ഷത്തോളം പേര്‍. കലോത്സവത്തലേന്നു തീപകര്‍ന്നതു മുതല്‍ ഇന്നലെ ഉച്ചവരെ അടുപ്പുകളില്‍ തീയണഞ്ഞിരുന്നില്ല. സാമ്പാറും പുളിശേരിയും തോരനും മെഴുക്കുപെരുട്ടിയും പായസവുമായി കലവറയിലും തീരാത്ത ആഘോഷമായിരുന്നു. കുറഞ്ഞത് 30,000 പേര്‍ക്കു വീതം ദിവസവും ഭക്ഷണമൊരുങ്ങി. വിവിധ സ്‌കൂളുകളില്‍ കലോത്സവ ഡ്യൂട്ടിയിലുള്ളവര്‍ക്കായി 3,500 ഭക്ഷണപ്പൊതികള്‍ വീതം കലവറയില്‍ നിന്നു പുറത്തേക്കെത്തി.

പതിവു പോലെ പഴയിടും മോഹനന്‍ നമ്പൂതിരിയുടേത് തന്നെയായിരുന്നു രുചി വൈഭവം. പരമാവധി ഒരു മണിക്കൂര്‍ കലവറയ്ക്കുള്ളിലെ കസേരയിലിരുന്നു മയങ്ങാന്‍ ശ്രമിക്കുന്നതൊഴിച്ചാല്‍ മുഴുവന്‍ സമയവും വിശ്രമമില്ലാതെ പാചകമായിരുന്നു. അഞ്ച് ദിവസവും ഊണിനൊപ്പം വ്യത്യസ്ത പായസങ്ങളൊരുക്കിയതും കുട്ടികള്‍ക്കു മധുരാനുഭവമായി. വിഭവ സമൃദ്ധമായിരുന്നു സദ്യ.

രുചികരമായ പഭാതഭക്ഷണത്തോടെയാണ് കലവറ ഉണരുന്നത്. പുട്ടും കടലയും, ഇഡ്ഡലിയും സാമ്പാറും, ദോശയും ചമ്മന്തിയും എന്നിങ്ങനെയായിരുന്നു വിഭവങ്ങള്‍. പുട്ട് ആയാലും ഇഡ്ഡലി ആയാലും ദോശയായാലും 30,000 എണ്ണം വീതം ദിവസവും തയാറാക്കി. 500 ലീറ്റര്‍ കറിയും ഒരുക്കി. കുറഞ്ഞത് 5000 പേര്‍ വീതം പ്രഭാതഭക്ഷണം കഴിച്ചെന്നാണു കണക്ക്. ഭക്ഷണക്കമ്മിറ്റിയുടെ ചുമതല വഹിച്ച കെഎസ്ടിഎയുടെ നേതൃത്വത്തില്‍ ഭക്ഷണശാലയില്‍ 12 കൗണ്ടറുകള്‍ വീതമൊരുക്കിയാണു ഭക്ഷണം വിളമ്പല്‍ ഏകോപിപ്പിച്ചത്. ഓരോ കൗണ്ടറിലും 30 പേര്‍ വീതം വിളമ്പല്‍ ഏറ്റെടുത്തു. രാവിലെ 7ന് ആരംഭിച്ച പ്രഭാതഭക്ഷണം 11.30 വരെ നീണ്ടു.

പ്രഭാത ഭക്ഷണത്തിനും ഉച്ചയൂണിനുമായി നിരവധി അടുപ്പുകളാണ് കലോത്സവ കലവറയില്‍ കെടാതെ ജ്വലിച്ചത്. ഉച്ചയൂണിനു പല അടുപ്പുകളിലായി 1500 കിലോ അരിയാണ് ഒരേസമയം വെന്തു ചോറായത്. ദിവസവും മാറിമാറി സാമ്പാര്‍, പുളിശേരി, പരിപ്പ്, 'മീനില്ലാത്ത മീന്‍കറി', വിവിധ തരം തോരനുകള്‍, മെഴുക്കുപുരട്ടികള്‍, അച്ചാര്‍ തുടങ്ങിയവ ചോറിനു കൂട്ടായെത്തി. ഉച്ചയൂണിനു മാത്രം ശരാശരി 6000 ലീറ്റര്‍ കറികള്‍ വേണ്ടിവന്നുവെന്നു പഴയിടം പറയുന്നു. ഉച്ചയൂണിനുണ്ടാക്കിയ കറികള്‍ ആ ഒരു നേരം മാത്രമേ ഉപയോഗിച്ചുള്ളൂ. വൈകിട്ട് 5.30വരെ ഉച്ചഭക്ഷണം വിളമ്പേണ്ടിവന്നു. പാലട, പയര്‍, അടപ്രഥമന്‍, കുമ്പളങ്ങ, കടല എന്നിങ്ങനെ പലതരം പായസങ്ങളും പല ദിവസങ്ങളായി കൊടുത്തു.

ഉച്ചയ്ക്കു വിളമ്പുന്ന വിഭവങ്ങളില്‍ പായസമൊഴികെയുള്ളവ ചേരുന്നതാണ് അത്താഴം. പക്ഷേ, ഉച്ചയ്ക്കു വിളമ്പിയ കറിയോ ചോറോ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നു ഭക്ഷണക്കമ്മിറ്റി ചെയര്‍മാന്‍ കടകംപള്ളി സുരേന്ദ്രനും ജനറല്‍ കണ്‍വീനര്‍ എ.നജീബും പറയുന്നു. രാത്രി എത്ര വൈകി മത്സരം കഴിഞ്ഞു കുട്ടികള്‍ വന്നാലും അത്താഴം സജ്ജമായിരിക്കുമെന്നുറപ്പാക്കി. രാത്രി ഒന്നേകാല്‍ വരെ ഭക്ഷണം വിളമ്പിയ ദിവസങ്ങളുണ്ട്. ഇതിനു ശേഷവും കലവറയിലെ അടുപ്പുകളില്‍ ചിലത് അണയില്ല. പിറ്റേന്നു പ്രഭാതഭക്ഷണത്തിനുള്ള ഒരുക്കം തുടങ്ങിയിരിക്കും.

Tags:    

Similar News