ട്രെയിൻ ഇടപ്പള്ളി ഭാഗത്ത് എത്തിയപ്പോൾ യാത്രക്കാരുടെ നെഞ്ചിടിച്ചു; ബോഗിക്കുള്ളിൽ പാഞ്ഞെത്തിയത് കൂറ്റൻ കല്ലുകൾ; എല്ലാവരും പരിക്കില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; പിന്നിൽ ആ രണ്ടുപേർ
കൊച്ചി: കൊച്ചിയിൽ ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ പോലീസ് പിടികൂടി. എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ മാതാപിതാക്കളോടൊപ്പം ഇവരെ ഹാജരാക്കി. ബോർഡ് ഇവരെ അടുത്ത 15 ദിവസത്തേക്ക് കാക്കനാടുള്ള ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇടപ്പള്ളി റെയിൽവേ സ്റ്റേഷനും കളമശ്ശേരി റെയിൽവേ സ്റ്റേഷനും ഇടയിൽ വെച്ചാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. ഈ സംഭവത്തിൽ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ വിദ്യാർത്ഥികൾ പിടിയിലായത്.
പ്രായപൂർത്തിയാകാത്തവരെയാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതെങ്കിലും, ഇത് ഗുരുതരമായ കുറ്റകൃത്യമായി പോലീസ് വിലയിരുത്തുന്നു. മുതിർന്നവരാണ് ഇത്തരം കുറ്റം ചെയ്യുന്നതെങ്കിൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. പ്രായപൂർത്തിയാകാത്തവർക്ക് ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ കർശന നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.