കടലില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; തിരയില്‍പ്പെട്ട പത്ത് വയസ്സുകാരന്‍ മരിച്ചു; മറ്റൊരു കുട്ടിയെ കാണാതായി
കടലില്‍പ്പോയ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു
തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കടലില്‍ വീണ് പത്തു വയസ്സുകാരന്‍ മരിച്ചു. മറ്റൊരു കുട്ടിയെ കാണാതായി. കടല്‍ത്തീരത്ത് കളിക്കുന്നതിനിടയില്‍ കടലില്‍പ്പോയ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. അഞ്ചുതെങ്ങ് പുത്തന്‍മണ്ണ് ലക്ഷംവീട് വീട്ടില്‍ തോമസിന്റെയും പ്രിന്‍സിയുടെയും മകന്‍ ജിയോ തോമസ് (10) ആണ് മരിച്ചത്. അഞ്ചുതെങ്ങ് കൊച്ചുമെത്തന്‍ കടവ് പള്ളിപ്പുരയിടം വീട്ടില്‍ ജോസ് - ഷൈനി ദമ്പതികളുടെ മകന്‍ ആഷ്ലിന്‍ ജോസിനെ (15) ആണ് കാണാതായത്.
വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ അഞ്ചുതെങ്ങ് വലിയ പള്ളിക്ക് സമീപം കടല്‍കരയില്‍ കൂട്ടുകാരോടൊപ്പം ഫുട്ബാള്‍ കളിക്കുന്നതിനിടെ കടലില്‍ വീണ പന്ത് എടുക്കാന്‍ കടലിലേക്ക് ഇറങ്ങിയപ്പോഴാണ് രണ്ടു വിദ്യാര്‍ഥികളും അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും അഗ്‌നിരക്ഷാസേനയും കോസ്റ്റല്‍ പൊലീസും നടത്തിയ തിരച്ചിലില്‍ 5 മണിയോടെ ജിയോ തോമസിനെ കണ്ടെത്തി. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആഷ്ലിന്‍ ജോസിനായി രാത്രി വൈകിയും കടലില്‍ തിരച്ചില്‍ തുടരുന്നു. അഞ്ചുതെങ്ങ് സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് മരിച്ച ജിയോ തോമസ്. കാണാതായ അഷ്‌ലിന്‍ ജോസിനായി അഞ്ചുതെങ്ങ് പോലീസ്, കോസ്റ്റല്‍ പോലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയവരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.