ബീച്ചില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താണു; ജീവന് വേണ്ടി മല്ലിട്ട് ആ രണ്ട് വിദ്യാര്‍ഥികൾ; ഒടുവിൽ തിരയിൽപ്പെട്ടവർക്ക് രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍

Update: 2025-12-21 00:26 GMT

തൃശൂർ: വാടാനപ്പള്ളി തളിക്കുളം സ്നേഹതീരം ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ തിരമാലകളിൽപ്പെട്ട് മുങ്ങിത്താഴ്ന്ന രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. കോയമ്പത്തൂരിലെ പി.എസ്.ജി. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ ദേവശങ്കർ, അക്ഷയ് എന്നിവരെയാണ് ഉച്ചയ്ക്ക് ഒന്നോടെയുണ്ടായ അപകടത്തിൽ ലൈഫ് ഗാർഡുകളായ ടി.പി. ബിബീഷും കെ.ജി. ഐസക്കും ചേർന്ന് സാഹസികമായി രക്ഷിച്ചത്.

കോയമ്പത്തൂരിൽ നിന്ന് 11 വിദ്യാർത്ഥികളാണ് സ്നേഹതീരം ബീച്ചിൽ എത്തിയത്. ഇവർ സഞ്ചരിച്ച സംഘത്തിലെ എട്ട് പേർ കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് ദേവശങ്കറും അക്ഷയും ആഴങ്ങളിലേക്ക് താഴ്ന്നുപോകുകയായിരുന്നു.

വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഉടൻ പീച്ചി സ്വദേശികളായ ലൈഫ് ഗാർഡുകളായ ബിബീഷും ഐസക്കും കടലിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തി. വിദ്യാർത്ഥികളെ മരണമുഖത്തുനിന്ന് രക്ഷപ്പെടുത്തി കരക്കെത്തിച്ച ശേഷം അവർക്ക് പ്രാഥമിക ശുശ്രൂഷയും സി.പി.ആറും നൽകി. ലൈഫ് ഗാർഡുകളുടെ സമയോചിതമായ ഇടപെടൽ രണ്ട് വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാൻ കാരണമായി.

Tags:    

Similar News