ഈ വിവരം പേപ്പറിൽ എഴുതി ഒട്ടിക്കണം കേട്ടോ; പറ്റില്ലെന്ന് പറഞ്ഞതോടെ നല്ല ഇടിപൊട്ടി; താമരശ്ശേരിയിൽ ചായക്കടയിൽ കൂട്ടത്തല്ല്; ജീവനക്കാരന് പരിക്ക്; എല്ലാത്തിനും കാരണം ആ കളഞ്ഞുകിട്ടിയ ആഭരണം

Update: 2026-02-26 08:26 GMT

താമരശ്ശേരി: താമരശ്ശേരി പഴയസ്റ്റാൻ്റിൽ പ്രവർത്തിക്കുന്ന ‘ലൈവ് കഫേ’ ചായക്കടയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണത്തെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ബുധനാഴ്ച രാത്രിയുണ്ടായ കയ്യാങ്കളിയിൽ കടയിലെ ജീവനക്കാരനായ താമരശ്ശേരി ചുടലമുക്ക് സ്വദേശി ബിനേഷിന് ഗുരുതരമായി പരിക്കേറ്റു. പരപ്പൻപൊയിൽ സ്വദേശിയായ കല്ലുവെട്ട് കുഴിയിൽ നാസറാണ് ആക്രമണത്തിനു പിന്നിലെന്ന് ബിനേഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെയാണ്: കഴിഞ്ഞ ജനുവരി 14-ന് ബിനേഷ് ജോലി ചെയ്യുന്ന കടയ്ക്ക് മുന്നിൽനിന്ന് നാസറിന് ഒരു ബ്രേസ്ലറ്റ് കളഞ്ഞുകിട്ടിയിരുന്നു. ഈ ആഭരണം ഉടമ അന്വേഷിച്ചെത്തിയാൽ തിരികെ നൽകാനായി ബിനേഷിനെ ഏൽപ്പിക്കുകയും, കടയ്ക്ക് മുന്നിൽ ഇത് സംബന്ധിച്ച അറിയിപ്പ് പ്രദർശിപ്പിക്കണമെന്ന് നാസർ നിർദേശിക്കുകയും ചെയ്തു.

എന്നാൽ, ബിനേഷ് ഈ അറിയിപ്പ് പ്രദർശിപ്പിക്കാൻ തയ്യാറായില്ല. പിന്നീട് നാസർ ആഭരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ, അത് പോലീസിൽ ഏൽപ്പിച്ചെന്നായിരുന്നു ബിനേഷിന്റെ മറുപടി. തുടർന്ന് നാസർ നടത്തിയ അന്വേഷണത്തിൽ, ആഭരണം പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇതിനിടെ, ബിനേഷിന്റെ മാതാവ് ഒരു ആഭരണം പോലീസിനെ ഏൽപ്പിച്ചെങ്കിലും, പരിശോധനയിൽ അത് സ്വർണമല്ലെന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്ന്, കഴിഞ്ഞ ദിവസം നാസർ വീണ്ടും കടയിലെത്തി ആഭരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അത് സ്വർണമല്ലായിരുന്നെന്നും മുക്കുപണ്ടമായിരുന്നതിനാൽ കളഞ്ഞെന്നും ബിനേഷ് മറുപടി നൽകി. ഇത് വാക്കുതർക്കത്തിലേക്ക് നയിച്ചു. തുടർന്ന് ബുധനാഴ്ച രാത്രി വീണ്ടും കടയിലെത്തിയ നാസറും ബിനേഷും തമ്മിൽ കയ്യാങ്കളിയുണ്ടാവുകയായിരുന്നു. ഈ സംഘർഷത്തിലാണ് ബിനേഷിന് സാരമായ പരിക്കേറ്റത്.

നാസർ ബിനേഷിനെ ഏൽപ്പിച്ചത് സ്വർണാഭരണമായിരുന്നെന്നും, ഇതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനുശേഷം മാത്രമേ സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ വ്യക്തമാവുകയുള്ളൂവെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News