സിദ്ദിഖിന്റെ വീടിനു മുന്നിൽ ലഡ്ഡു വിതരണം; പീഡനക്കേസിൽ താരത്തിനനുകൂലമായ വിധി ആഘോഷമാക്കി നാട്ടുകാരൻ

Update: 2024-09-30 12:30 GMT

കൊച്ചി: പീഡനക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച സിനിമ താരം സിദ്ദിഖിന്റെ വീടിന് മുന്നിൽ ആഘോഷം. റോഡിലൂടെ പോകുന്ന വാഹനത്തിലെ യാത്രക്കാർക്കും നാട്ടുകാർക്കും ലഡു വിതരണം ചെയ്താണ് താരത്തിന്റെ നാട്ടുകാരന്റെ സന്തോഷ പ്രകടനം. 'നമ്മുടെ സിദ്ദിഖ് സാറിന് സുപ്രീം കോടതയിൽ നിന്ന് ജാമ്യം കിട്ടി' എന്ന് പറഞ്ഞുകൊണ്ടാണ് ലഡു വിതരണം.

ഇന്ന് ഉച്ചയോടെയാണ് രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസ് വിശദമായി കേട്ട ശേഷം അന്തിവ വിധി പ്രസ്താവിക്കാം എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

'സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, അദ്ദേഹത്തെ ക്രൂശിക്കാൻ വേണ്ടി ചെയ്ത പണിയാണിത്. അദ്ദേഹം നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞുവരും. കേസ് നടക്കട്ടെ. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് നമുക്ക് 100 ശതമാനം വിശ്വാസമുണ്ട്. പത്ത് മുപ്പത് വർഷമായി ഞങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ്. ഇന്ത്യയുടെ പരമോന്നത കോടതിയാണ് അദ്ദേഹത്തിന് ജാമ്യം നൽകിയിരിക്കുന്നത്'- നാട്ടുകാരൻ പറഞ്ഞു.

അതേസമയം, ഉപാധികൾ അനുസരിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഉപാധികൾ എന്തൊക്കെയാണെന്ന് സംബന്ധിച്ച് വിചാരണ കോടതിക്ക് തീരുമാനിക്കാം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞാണ് സുപ്രീം കോടതിയുടെ നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്.

കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ കഴിയുന്നതിനിടെയാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവുണ്ടാകുന്നത്. സിദ്ദിഖിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരായിരുന്നത്. തങ്ങളുടെ ഭാഗംകൂടി കേള്‍ക്കാതെ ഉത്തരവിറക്കരുത് എന്നാവശ്യപ്പെട്ട് തടസ്സഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയും പരാതിക്കാരിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ഹാജരായിരുന്നു.

Tags:    

Similar News