പള്ളിയിൽ പോയതും കുഞ്ഞിന്റെ ഷാൾ എടുക്കാൻ മറന്നത് ഓർത്തു; വീട്ടിൽ തിരിച്ചെത്തിയപ്പോൾ പതറി; പുറകുവശത്തെ വാതിൽ കുത്തിപ്പൊളിച്ച് മോഷണം; നെക്ളസ് അടക്കം കട്ടു; അന്വേഷണം തുടങ്ങി

Update: 2025-11-01 14:05 GMT

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വീണ്ടും മോഷണം. മാറനല്ലൂരിൽ പ്രാർത്ഥനയ്ക്കായി കുടുംബം പള്ളിയിൽ പോയ സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന മോഷ്ടാക്കൾ 30 പവൻ സ്വർണാഭരണങ്ങൾ കവർന്നു. പുന്നാവൂർ റോഡരികത്ത് കൈതയിൽ ബാബുവിന്‍റെ വീട്ടിലാണ് ഇന്നലെ രാത്രിയോടെ മോഷണം നടന്നത്.

ബാബുവും ഭാര്യ ഉഷയും മരുമകൾ അനീഷയും കുഞ്ഞുമായി ഇന്നലെ രാത്രി 7.30 ഓടെയാണ് പുന്നാവൂർ കർമ്മലമാതാ പള്ളിയിലേക്ക് പോയത്. കുഞ്ഞിന് വേണ്ടിയുള്ള ഷാൾ എടുക്കാനായി അനീഷ വീട്ടിലേക്ക് തിരികെയെത്തിയപ്പോഴാണ് വീടിന്‍റെ പുറകുവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്‍റെ കട്ടിലിനടിയിലെ തടി അലമാര കുത്തിത്തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന അനീഷയുടെ വളകൾ, നെക്ളസ്, മാല തുടങ്ങിയ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. വീടിനകത്തെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു.

സംഭവം അറിഞ്ഞയുടൻ മാറനല്ലൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കുടുംബം പള്ളിയിലേക്ക് പോകുന്ന വിവരം മുൻകൂട്ടി അറിയാവുന്ന ആരെങ്കിലുമാണോ കവർച്ചയ്ക്ക് പിന്നിൽ എന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.  

Tags:    

Similar News